കൊവിഡ് 19 വാക്സിനുകൾ ഹൃദയസംബന്ധമായ രോഗങ്ങൾക്കു കാരണമാവില്ലെന്നു പഠനം. ഇറ്റലിയിലെ പെസ്കാര പ്രവിശ്യയിലുള്ള മുഴുവൻ പേരെയും ഉൾപ്പെടുത്ത 2021 ജനുവരി മുതൽ 2022 ജൂലൈ വരെ നടത്തിയ വിശദമായ പഠനത്തിനുശേഷം ബൊലൊഗ്ന സർവകലാശാലയാണ് ഇതുസംബന്ധിച്ച റിപ്പോർട്ട് പുറത്തുവിട്ടത്. ത്രോംബോസിസ്, പൾമണറി എംബോളിസം, കാർഡിയോ വാസ്കുലാർ രോഗങ്ങൾ തുടങ്ങിയവ ബാധിച്ചവരെയെല്ലാം വിശദമായി പരിശോധിച്ചെന്നു “വാക്സിൻസ്’ പ്രസിദ്ധീകരിച്ച റിപ്പോർട്ടിൽ പറയുന്നു.
കൊവിഡ് വാക്സിൻ ഹൃദയാഘാതമുൾപ്പെടെ രോഗങ്ങൾക്കുള്ള സാധ്യത വർധിപ്പിക്കുന്നുവെന്ന ആരോപണത്തിനിടെയാണ് ആശങ്കയകറ്റുന്ന റിപ്പോർട്ട്. വ്യത്യസ്ത വാക്സിനുകൾ സ്വീകരിച്ചവരെയും കുത്തിവയ്പ്പെടുക്കാത്തവരെയും പരിശോധനയ്ക്കു വിധേയരാക്കി. ഹൃദയാഘാതം, മസ്തിഷ്കാഘാതം, ഹൃദയസ്തംഭനം, ഹൃദയപേശികളുടെ നാശം, ഹൃദയാവരണത്തിന്റെ നാശം, സിരകളിൽ രക്തം കട്ടപിടിക്കുക തുടങ്ങി ഒരു അവസ്ഥയ്ക്കും വാക്സിനുമായി ബന്ധമില്ലെന്നു പഠനത്തിൽ തെളിഞ്ഞു.
വാക്സിൻ സ്വീകരിക്കാത്തവരിലാണു ഹൃദയസംബന്ധമായ രോഗങ്ങളും രക്തം കട്ടപിടിക്കുന്നതുമൂലമുണ്ടാകുന്ന പ്രശ്നങ്ങളും കൂടുതൽ കണ്ടെത്തിയത്. വാക്സിൻ ഒരു ആരോഗ്യ പ്രശ്നവുമുണ്ടാക്കുന്നില്ലെന്ന് വ്യക്തമായതായി ബൊലൊഗ്ന സർവകലാശാലാ പ്രൊഫസർ ലംബർട്ടോ മൻസോലി പറഞ്ഞു. ഒറ്റപ്പെട്ട ചില കേസുകളിൽ രക്തം കട്ടപിടിച്ചിട്ടുണ്ടാകാമെന്നും മൻസോലി. ഒരിക്കൽ രോഗം വന്നുപോയതിന്റെ പേരിൽ വാക്സിൻ സ്വീകരിക്കാത്തവരെക്കാൾ കൊവിഡ് പ്രതിരോധം കുത്തിവയ്പ്പെടുത്തവർക്കാണെന്നും പഠനത്തിൽ കണ്ടെത്തി.