തിരുവനന്തപുരം: വെള്ളക്കരം കേന്ദ്ര വായ്പ ലഭിക്കാനുള്ള വ്യവസ്ഥകളുടെ ഭാഗമായി ഇനിയും കൂട്ടില്ലെന്ന് ജലവിഭവ മന്ത്രി റോഷി അഗസ്റ്റിൻ. പ്രതിവർഷം 5% നിരക്ക് വർദ്ധനവ് ഏർപ്പെടുത്തണമെന്ന കേന്ദ്ര നിർദേശം നടപ്പിക്കില്ലെന്നും അദ്ദേഹം വ്യക്തമാക്കി. ഇക്കാര്യം കേന്ദ്രത്തെ അറിയിക്കുമെന്നും മന്ത്രി ഫേസ്ബുക്ക് പോസ്റ്റില്‍ കുറിച്ചു. സംസ്ഥാനത്ത് വെള്ളക്കരം കൂടിയത് വിലക്കയറ്റത്തിൽ നട്ടം തിരിയുന്ന ജനത്തിന് ഇരുട്ടടിയായാണ്.
പുതിയ നിരക്കനുസരിച്ച് നാല് അംഗങ്ങളുള്ള ഒരു കുടുംബത്തിന് പ്രതിമാസം 120 രൂപയോളം വെള്ളക്കരത്തിൽ അധികം നൽകേണ്ടി വരുമെന്ന് പ്രാഥമിക കണക്ക് പറയുന്നു. രണ്ട് മാസത്തേക്ക് 240 രൂപ. നിലവിൽ ഏറ്റവും കുറഞ്ഞ നിരക്ക് 1000 ലിറ്ററിന് 4 രൂപ 41 പൈസയാണ്. അത് പത്ത് രൂപ കൂടി 14.41 ആയി മാറിയതും സാധാരണക്കാരന് തിരിച്ചടിയായി. കിട്ടാക്കരം കുമിഞ്ഞ് കൂടി വാട്ടര്‍ അതോറിറ്റിക്കുള്ളത് 2391 കോടിയുടെ ബാധ്യത നികത്താനെന്ന പേരിലാണ് ജനങ്ങളെ പിഴിയുന്നത്. 23 രൂപയോളം ഒരു ലിറ്റർ വെള്ളം ശുദ്ധീകരിക്കാൻ ചെലവ് വരുന്നുണ്ടെന്ന് വാട്ടർ അതോറിറ്റിയുടെ കണക്ക് സൂചിപ്പിക്കുന്നു.