തിരുവനന്തപുരം: മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയെ വിദഗ്ധ ചികിത്സക്കായി ബെംഗളൂരുവിലേക്ക് കൊണ്ടു പോയി. ആരോഗ്യം മെച്ചപ്പെട്ടതിനെ തുടർന്നാണ് തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിൽ നിന്നും ബെംഗളൂരുവിലേക്ക് മാറ്റുന്നത്. ന്യുമോണിയ ബാധിച്ച് നെയ്യാറ്റിൻ കരയിലെ ആശുപത്രിയിൽ കഴിഞ്ഞ 5 ദിവസമായി ചികിത്സയിലായിരുന്നു.
4 മണിയോടെ അദ്ദേഹത്തെയും വഹിച്ചുള്ള പ്രത്യേക വിമാനം ബെംഗളൂരുവിലേക്ക് പറക്കും. എഐസിസിയാണ് ചികിത്സ ചെലവുകൾ മുഴുവൻ വഹിക്കുന്നത്. ഭാര്യ, 3 മക്കൾ ഡോക്‌ടർമാർ കോൺഗ്രസ് നേതാവ് ബെന്നി ബഹന്നാൻ എന്നിവരാണ് മുഖ്യമന്ത്രിക്കൊപ്പം ഉണ്ടാവുക. നേരത്തെ ജർമ്മനിയിലെ സർജറിക്ക് ശേഷമാണ് ബെംഗളൂരുവിലെ ആശുപത്രിയിൽ ചികിത്സ നിർദ്ദേശിച്ചിരുന്നത്.
അതേ സമയം ഉമ്മൻ ചാണ്ടിക്ക് ആവശ്യമായ ചികിത്സ നൽകുന്നില്ലെന്നതുമായി ബന്ധപ്പെട്ട് ഉയർന്ന ആരോപണങ്ങളെ അദ്ദേഹം നിഷേധിച്ചു. തനിക്ക് നല്ല ചികിത്സ ലഭിച്ചെന്നും ആരോഗ്യ നിലയിൽ പുരോഗതി ഉണ്ടെന്നും അദ്ദേഹം മാധ്യമങ്ങളോട് പ്രതികരിച്ചു.