Timely news thodupuzha

logo

ക്ഷേമ പെൻഷൻ തട്ടിപ്പിൽ ആറ് സർക്കാർ ഉദ്യോഗസ്ഥർക്ക് സസ്പെൻഷൻ

തിരുവനന്തപുരം: സാമൂഹ്യ സുരക്ഷ ക്ഷേമ പെൻഷൻ തട്ടിപ്പ് നടത്തിയ സംഭവത്തിൽ ആറ് സർക്കാർ ജീവനക്കാർക്ക് സസ്പെൻഷൻ. മണ്ണ് സംരക്ഷണ വകുപ്പിലെ ജീവനക്കാർക്ക് എതിരെയാണ് നടപടി.

അനധികൃതമായി കൈപ്പറ്റിയ തുക 18% പലിശ സഹിതം തിരിച്ചു അടക്കാനും നിർദ്ദേശിച്ചു. കാസർകോട് മണ്ണ് സംരക്ഷണ ഓഫീസിലെ അസിസ്റ്റൻറ് ഗ്രേഡ് 2, സാജിത കെ.എ, പത്തനംതിട്ട ഓഫീസിലെ പാർട്ട് ടൈം സ്വീപ്പർ ജി ഷീജാകുമാരി.

വടകര ഓഫീസിലെ വർക്ക് സൂപ്രണ്ട് നസീദ് മുബാറക്ക് മൻസിൽ, മീനങ്ങാടി ഓഫീസിലെ പാർട്ട് ടൈം സ്വീപ്പർ പി ഭാർഗവി, മീനങ്ങലാടിയിലെ മണ്ണ് പര്യവേഷണ അസിസ്റ്റൻറ് ഡയറക്ടറുടെ കാര്യാലയത്തിലെ പാർട്ട് ടൈം സ്വീപ്പർ കെ ലീല, തിരുവനന്തപുരം സെൻട്രൽ സോയിൽ അനലറ്റിക്കൽ ലാബിലെ പാർട്ട് ടൈം സ്വീപ്പർ ജെ രജനി എന്നിവർക്കെതിരെയാണ് നടപടി.

ക്യഷി വകുപ്പിലെ ഉദ്യോഗസ്ഥർക്കെതിരെയാണ് ആദ്യഘട്ട നടപടി. ഇതിൽ പാർട്ട് ടൈം സ്വീപ്പർ മുതൽ വർക്ക് ഓഫീസർ വരെ നടപടി നേരിട്ടവരിൽ ഉൾപ്പെടും. മണ്ണ് പര്യവേഷണ – മണ്ണ് സംരക്ഷണ വകുപ്പ് ഡയറക്‌ടർ സാജു കെ സുരേന്ദ്രനാണ് ഇത് സംബന്ധിച്ച് ഉത്തരവിറക്കിയത്.

മറ്റ് വകുപ്പിലെ ഉദ്യോഗസ്ഥർക്കെതിരെയും സമാന നടപടിയുണ്ടാകും. സംസ്ഥാനത്തെ ഗസറ്റഡ് ഉദ്യോഗസ്ഥൻ അടക്കം 1458 സർക്കാർ ജീവനക്കാർ സാമൂഹ്യസുരക്ഷാ പെൻഷൻ കൈപ്പറ്റുന്നുവെന്നാണ് പരിശോധനയിൽ കണ്ടെത്തിയത്. ധന വകുപ്പിൻറെ നിർദേശമനുസരിച്ച് ഇൻഫോർമേഷൻ കേരള മിഷൻ നടത്തിയ പരിശോധനയിലാണ് തട്ടിപ്പ് കണ്ടെത്തിയത്.

പാവപ്പെട്ടവർക്ക് നൽകുന്ന സാമൂഹ്യക്ഷേമ പെൻഷൻ വാങ്ങുന്ന രണ്ട് അസിസ്റ്റൻറ് പ്രൊഫസർമാരും ഉൾപ്പെടുന്നു. ആരോഗ്യ വകുപ്പിലാണ്‌ ഏറ്റവും കൂടുതൽ പേർ ക്ഷേമ പെൻഷൻ വാങ്ങുന്നത്‌ – 373 പേർ. പൊതുവിദ്യാഭ്യാസ വകുപ്പാണ്‌ രണ്ടാം സ്ഥാനത്ത്‌ – 224 പേർ.

Leave a Comment

Your email address will not be published. Required fields are marked *