തൊടുപുഴ: അഡ്വ. ജോസഫ് ജോണിനെ കേരള കോൺഗ്രസ് വൈസ് ചെയർമാനായി തിരഞ്ഞെടുത്തു. പാർട്ടി ചെയർമാൻ പി ജെ ജോസഫിന്റെ പ്രത്യേക താൽപര്യപ്രകാരമാണ് ഈ നിയമനം.
വിദ്യാർത്ഥി – യുവജന രാഷ്ട്രീയത്തിലൂടെ കടന്നുവന്ന ജോസഫ് ജോൺ തൊടുപുഴ നിയോജനത്തിന്റെ സമഗ്ര വികസന പദ്ധതികളിൽ പി ജെ ജോസഫിന്റെ വലംകൈയ്യായി പ്രവർത്തിച്ചതിന്റെ അംഗീകാരമാണ് പുതിയ നിയമനം. തൊടുപുഴ ന്യൂമാൻ കോളേജ് യൂണിയൻ ജനറൽ സെക്രട്ടറിയായി തിരഞ്ഞെടുക്കപ്പെട്ടിട്ടുള്ള അദ്ദേഹം കെ എസ് സി, ഭാരവാഹിത്വത്തിന് ശേഷം യൂത്ത് ഫ്രണ്ട് സംസ്ഥാന വൈസ് പ്രസിഡൻറ്, കേരള കോൺഗ്രസ് തൊടുപുഴ നിയോജകമണ്ഡലം പ്രസിഡണ്ട്, സംസ്ഥാന ഉന്നതാ അധികാര സമിതി അംഗം തുടങ്ങിയ പാർട്ടി സ്ഥാനങ്ങളും വഹിച്ചു. കേരള ബാർ കൗൺസിൽ അംഗമായ അദ്ദേഹം ചെയർമാൻ, ഓണററി സെക്രട്ടറി സ്ഥാനങ്ങളിലേക്ക് തിരഞ്ഞെടുക്കപ്പെട്ടു.
അഭിഭാഷക ക്ഷേമനിധി വർധിപ്പിച്ചും, ചികിത്സ സഹായ പദ്ധതി ആവിഷ്കരിച്ചും അഭിഭാഷകർക്ക് വേണ്ടിയുള്ള വിവിധ പദ്ധതികൾ നടപ്പിലാക്കി. കൊച്ചി നാഷണൽ ലോ യൂണിവേഴ്സിറ്റി എക്സിക്യൂട്ടീവ് കൗൺസിൽ അംഗം, ഇന്ത്യയുടെ മുൻ അറ്റേണി ജനറൽ അഡ്വ. കെ കെ വേണുഗോപാൽ ചെയർമാനായ ലോയേഴ്സ് അക്കാദമിയുടെ സെക്രട്ടറി, ഇടുക്കി ജില്ലാ ബാർ അസോസിയേഷൻ പ്രസിഡൻ്റ് തുടങ്ങിയ സ്ഥാനങ്ങളും വഹിച്ചിട്ടുണ്ട്.
കേരള യൂണിവേഴ്സിറ്റിയിൽ നിന്നും എൽ എൽ എം റാങ്കോടെ വിജയിച്ച അദ്ദേഹം എംജി യൂണിവേഴ്സിറ്റിയുടെ ലോ കോളേജിൽ അധ്യാപകനായി പ്രവർത്തിച്ചു. തൊടുപുഴ മുനിസിപ്പൽ കൗൺസിലിലേക്ക് 1995 ലും, തുടർന്ന് നാലുതവണയും തെരഞ്ഞെടുക്കപ്പെട്ടു. മുൻസിപ്പൽ വൈസ് ചെയർമാൻ, സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ, പ്രതിപക്ഷ നേതാവ് എന്നീ നിലകളിൽ പ്രവർത്തിച്ചിട്ടുള്ള അദ്ദേഹം ഇപ്പോൾ മുൻസിപ്പൽ കൗൺസിലർ ആണ്.
തൊടുപുഴ സർവീസ് സഹകരണ ബാങ്ക്, ഇടുക്കി ജില്ലാ സഹകരണ ആശുപത്രി, തൊടുപുഴ ഐഎംഎ ബ്ലഡ് ബാങ്ക് സൊസൈറ്റി എന്നിവയുടെ ഭരണസമിതി അംഗമായി തിരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്. 1995 -2001 കാലത്ത് ഇടുക്കി ജില്ലാ പ്ലാനിങ് കമ്മിറ്റി അംഗമായി പ്രവർത്തിച്ചു. കോതമംഗലം രൂപത പാസ്റ്ററൽ കൗൺസിൽ അംഗമായി പ്രവർത്തിച്ചു. 1977 മുതലുള്ള നിയമസഭാ തിരഞ്ഞെടുപ്പുകളിൽ പി ജെ ജോസഫിന്റെ തെരഞ്ഞെടുപ്പ് പ്രവർത്തനങ്ങളിൽ സജീവ നേതൃത്വം നൽകുകയും കാർഷികമേളകളിൽ സജീവ പങ്കാളി ആവുകയും ചെയ്ത ജോസഫ് ജോൺ 82 – 87 കാലത്ത് റവന്യൂ മന്ത്രി ആയിരുന്ന പിജെ ജോസഫിന്റെ പേഴ്സണൽ സ്റ്റാഫിൽ അംഗമായിരുന്നു.