പത്തനംതിട്ട: വിദ്യാർഥിനിയെ 60ൽ അധികം പേർ പീഡിപ്പിച്ചെന്ന കേസിൽ 42 പേർ അറസ്റ്റിലായി. ഇലവുംതിട്ട, പത്തനംതിട്ട, പന്തളം, മലയാലപ്പുഴ പൊലീസ് സ്റ്റേഷനുകളിലായാണ് പെൺകുട്ടിയുടെ മൊഴിപ്രകാരം കേസുകൾ രജിസ്റ്റർ ചെയ്തിട്ടുള്ളത്. പത്തനംതിട്ടയിൽ ആകെ 11 കേസുകളിലായി 26 പ്രതികളും, ഇലവുംതിട്ടയിൽ 16 കേസുകളിലായി 14 പേരും പിടിയിലായപ്പോൾ, പന്തളം പൊലീസ് രജിസ്റ്റർ ചെയ്ത ഒരു കേസിൽ 2 യുവാക്കൾ പിടിയിലായി. തിങ്കളാഴ്ച 14 പേരെയാണ് പൊലീസ് പിടികൂടിയത്. കേസിൽ വൈകിട്ടോടെ കൂടുതൽ അറസ്റ്റുണ്ടായേക്കുമെന്നാണ് വിവരം. അന്വേഷണം ജില്ലയ്ക്ക് പുറത്തേക്കും വ്യാപിപിച്ചിട്ടുണ്ട്.