കൊച്ചി: നടി ഹണി റോസിനെതിരായ ലൈംഗീകാതിക്രമകേസിൽ റിമൻഡിൽ കഴിയുന്ന വ്യവസായി ബോബി ചെമ്മൂണൂരിന്‍റെ ജാമ്യ ഹർജി കോടതി ചൊവ്വാഴ്ച പരിഗണിക്കും. ഹർജി ഹൈക്കോടതി പരിഗണിക്കുമ്പോൾ ജാമ്യം നൽകരുതെന്ന നിലപാടാവും പ്രോസിക്യൂഷന്‍ സ്വീകരിക്കുക.
പ്രതി കുറ്റകൃത്യം ആവർത്തിച്ചുകൊണ്ടിരിക്കുന്നു, ജാമ്യം നൽകിയാൽ സമൂഹത്തിന് തെറ്റായ സന്ദേശമാവും നൽകുക എന്നീ വാദങ്ങളാവും പ്രോസിക്യൂഷൻ പ്രധാനമായും ഉന്നയിക്കുക.
ജസ്റ്റിസ് പി.വി കുഞ്ഞികൃഷ്ണന്‍റെ ബെഞ്ചിൽ 108ആമതായാണ് ബോബിയുടെ ജാമ്യാപേക്ഷ പരിഗണനയ്ക്കെത്തുന്നത്. ഹണി റോസിന്‍റെ പരാതിയിൽ ബുധനാഴ്ചയാണ് ബോബി ചെമ്മണൂർ അറസ്റ്റിലായത്.
വ്യാഴാഴ്ച എറണാകുളം ഫസ്റ്റ് ക്ലാസ് ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതി 14 ദിവസത്തേക്ക് റിമാൻഡ് ചെയ്തിരുന്നു. വെള്ളിയാഴ്ച ബോചെ ഹൈക്കോടതിയെ സമീപിച്ചെങ്കിലും ഹർജി അടിയന്തരമായി പരിഗണിക്കേണ്ടതില്ലെന്ന നിലപാടാണ് ഹൈക്കോടതി സ്വീകരിച്ചത്. തുടർന്ന് ഹർജി ചൊവ്വാഴ്ച പരിഗണിക്കാനായി മാറ്റുകയായിരുന്നു.