കൊല്ലം: ധനമന്ത്രി കെ.എൻ ബാലഗോപാൽ ജി.എസ്.ടി കുടിശ്ശിക വിഷയത്തിൽ വ്യക്തത വരുത്തണമെന്ന് എൻ.കെ പ്രേമചന്ദ്രൻ എം പി. വസ്തുതാപരമായ കൂടുതൽ വ്യക്തതകൾ പാർലമെൻ്റിൽ ഉന്നയിച്ച വിഷയത്തിൽ കെ.എൻ ബാലഗോപാൽ നടത്തിയ പ്രതികരണത്തിൽ വരുത്തേണ്ടതുണ്ട്. ഇന്നലെ വരെ ധനകാര്യ മന്ത്രി പറഞ്ഞത് അർഹമായ വിഹിതം കേന്ദ്രത്തിൽ നിന്നും കിട്ടുന്നില്ല എന്നായിരുന്നു. സി.പി.എം നേതാക്കളും മുഖ്യമന്ത്രിയും ഇതുതന്നെയായിരുന്നു പറഞ്ഞത്.
കേന്ദ്ര ധനകാര്യ മന്ത്രിയുടെ മറുപടി വന്നതിനുശേഷം ഇത് മാറി. 2022 ഡിസംബർ 5ന് എക്സ്പെൻഡിച്ചർ റിവ്യൂ കമ്മിറ്റി റിപ്പോർട്ട് സമർപ്പിച്ചിട്ടുണ്ടോ എന്ന് വ്യക്തമാക്കണം. സംസ്ഥാനത്ത് അർഹമായ ചരക്ക് സേവന നികുതി കിട്ടുന്നില്ല എന്നാണ് താൻ പറയുന്നത്. ഇതിന് ധനമന്ത്രി കെ എൻ ബാലഗോപാൽ മറുപടി പറയണം. തന്റെ ചോദ്യം IGST യെ കുറിച്ചായിരുന്നു. തെറ്റുകൾ മറച്ചു പിടിക്കാൻ ശ്രമിക്കുകയാണ് സംസ്ഥാന ധനമന്ത്രി. 20% ജിഎസ്ടി വളർച്ച കൈവരിച്ചു എന്ന് പറയുമ്പോൾ എങ്ങനെയാണ് ജി.എസ്.ടി കോമ്പൻസേഷൻ ചോദിക്കാൻ കഴിയുക.
ഓഡിറ്റ് സ്റ്റേറ്റ്മെൻറ് കേന്ദ്രത്തിന് സബ്മിറ്റ് ചെയ്യുന്നതിൽ സംസ്ഥാനത്തിന് ഒരു കാര്യവും ചെയ്യാനില്ലേയെന്ന് അദ്ദേഹം ചോദിച്ചു. കാര്യങ്ങൾ ചൂണ്ടിക്കാണിക്കുമ്പോൾ ബിജെപിക്ക് അടിക്കാൻ വടി കൊടുത്തുവെന്ന് പറയുന്നതിൽ ഒരു കാര്യവുമില്ല. സംസ്ഥാനം സെസ് ഏർപ്പെടുത്തുമ്പോൾ സംസ്ഥാനത്തിന് അർഹമായ 5000 കോടി വാങ്ങി എടുക്കുന്നതിൽ സർക്കാർ ഒന്നും ചെയ്യുന്നില്ല. കേന്ദ്ര ധനകാര്യ മന്ത്രിയുടെ മറുപടി വന്നപ്പോൾ ചോദ്യകർത്താവിനെ ആക്രമിക്കുന്ന രീതിയാണ് ഇപ്പോൾ ഉള്ളത്. നിശബ്ദമാക്കാനാണ് സംസ്ഥാന ധനകാര്യ മന്ത്രിയും സിപിഎം അണികളും ഇപ്പോൾ ശ്രമിക്കുന്നതെന്നും എൻ കെ പ്രേമചന്ദ്രൻ കൂട്ടിച്ചേർത്തു.