തിരുവനന്തപുരം: പാറശാല ഷാരോൺ വധക്കേസിൽ കോടതി നിർണായക ശിക്ഷാ വിധി പുറപ്പെടുവിച്ചു. കേസിൽ ഒന്നാം പ്രതിയായ ഗ്രീഷ്മയ്ക്ക് വധശിക്ഷയാണ് വിധിച്ചിരിക്കുന്നത്.
ഇതുകൂടാതെ, തട്ടിക്കൊണ്ടുപോകലിന് 10 വര്‍ഷം തടവു ശിക്ഷയും വിധിച്ചു. അന്വേഷണം വഴി തെറ്റിച്ചതിന് 5 വർഷവും ശിക്ഷ. ഗ്രീഷ്മയുടെ അമ്മാവന്‍ നിർമലകുമാരൻ നായർക്ക് മൂന്നു വർഷം തടവും കോടതി വിധിച്ചു. പ്രതിക്ക് പ്രായം കുറവാണെന്ന കാര്യം പരിഗണിക്കാനാവില്ലെന്ന് കോടതി ആദ്യമേ വ്യക്തമാക്കി.
586 പേജുള്ള വിധിയാണ് വായിച്ചത്. നെയ്യാറ്റിൻകര അഡീഷണൽ സെഷൻസ് ജഡ്ജി എ.എം. ബഷീറാണ് ഗ്രീഷ്മയ്ക്ക് വധശിക്ഷ വിധിച്ചത്. കേസന്വേഷണത്തില്‍ പൊലീസിനെ കോടതി അഭിനന്ദിച്ചു. പൊലീസ് സമര്‍ഥമായി കേസ് അന്വേഷിച്ചു. ശാസ്ത്രീയ തെളിവുകള്‍ നന്നായി ഉപയോഗിച്ചു. ഗ്രീഷ്മയ്‌ക്കെതിരേ 48 സാഹചര്യ തെളിവുകള്‍ ഉണ്ടെന്ന് കോടതി അറിയിച്ചു.
വിവാഹനിശ്ചയത്തിനുശേഷം ഷാരോണുമായി പ്രതി ലൈംഗിക ബന്ധത്തിൽ ഏർപ്പെട്ടതായി തെളിഞ്ഞു. കുറ്റകൃത്യം മറച്ചുപിടിക്കാനുള്ള പ്രതിയുടെ കൗശലം വിജയിച്ചില്ല. കുറ്റകൃത്യം ചെയ്ത അന്നുമുതൽ തനിക്കെതിരായ തെളിവുകൾ സ്വയം ചുമന്ന് നടക്കുകയായിരുന്നു. ബന്ധം അവസാനിപ്പിക്കാൻ തീരുമാനിച്ചാൽ വിഷം നൽകി കൊലപ്പെടുത്തുന്നത് സമൂഹത്തിന് തെറ്റായ സന്ദേശം നൽകും. സ്നേഹിക്കുന്ന ഒരാളെയും വിശ്വസിക്കാൻ കൊള്ളില്ല എന്ന സന്ദേശമാണ് ഈ കേസ് നൽകിയത്.
ഷാരോണിന് പരാതിയുണ്ടോ ഇല്ലയോ എന്നത് കോടതിക്ക് വിഷയമല്ല. ഗ്രീഷ്മ ശിക്ഷിക്കപ്പെടാന്‍ മരണക്കിടക്കയില്‍ കിടക്കുമ്പോഴും ഷാരോണ്‍ ആഗ്രഹിച്ചിരുന്നില്ല. 11 ദിവസത്തോളം ഒരു തുള്ളി വെള്ളം ഇറക്കാൻ ആകാതെ ഷാരോൺ ആശുപത്രിയിൽ കിടന്നു. ഗ്രീഷ്മയ്ക്ക് ക്രിമിനല്‍ പശ്ചാത്തലമില്ല എന്ന വാദം അംഗീകരിക്കാനാകില്ല. വിശ്വാസ വഞ്ചനയാണ് ഗ്രീഷ്മ നടത്തിയത്. സ്‌നേഹബന്ധം തുടരുമ്പോഴും കൊലപ്പെടുത്താന്‍ ശ്രമം തുടരുകയായിരുന്നു എന്നും കോടതി വ്യക്തമാക്കി.
കേസിൽ കേരള – തമിഴ്നാട് അതിർത്തിയായ ദേവിയോട് സ്വദേശിനി ഗ്രീഷ്മയും അമ്മാവൻ നിർമലകുമാരൻ നായരും കുറ്റക്കാരെന്ന് കോടതി വെള്ളിയാഴ്ച കണ്ടെത്തിയിരുന്നു.
തെളിവില്ലാത്തതിനാല്‍ രണ്ടാം പ്രതിയും ഗ്രീഷ്മയുടെ അമ്മ സിന്ധുവിനെ കോടതി വെറുതെ വിട്ടു. പ്രോസിക്യൂഷന്‍റേയും പ്രതിഭാഗത്തിന്‍റേയും 3 ദിവസം നീണ്ട അന്തിമവാദങ്ങൾ നേരത്തേ പൂർത്തിയായിരുന്നു.
2022 ഒക്റ്റോബർ 14നാണ് കേസിനാസ്‌പദമായ സംഭവം നടക്കുന്നത്. സുഹൃത്ത് ഷാരോൺ രാജിനെ കൊലപ്പെടുത്താൻ ഗ്രീഷ്മ വിഷം കലർത്തിയ കഷായം നൽകിയെന്നാണ് കേസ്.
ആശുപത്രിയിൽ ചികിത്സയിലിരിക്കെ ഒക്റ്റോബർ 25നാണ് മരിച്ചത്. ഒരു സൈനികനുമായി വിവാഹം നിശ്ചയിച്ചതിനെ തുടർന്ന് ഷാരോണിനെ ഒഴിവാക്കാൻ ഗ്രീഷ്മ ശ്രമിച്ചിരുന്നുവെന്നും എന്നാൽ അതിനു വിസമ്മതിനെ തുടർന്ന് അയാളെ കൊലപ്പെടുത്തുകയായിരുന്നു. കേസിൽ 95 സാക്ഷികളെ വിസ്തരിച്ചു. 323 രേഖകളും, 51 തൊണ്ടിമുതലുകളാണ് പ്രോസിക്യൂഷൻ കോടതിയിൽ ഹാജരാക്കിയത്.