തിരുവനന്തപുരം: സംസ്ഥാനത്ത് കാളപൂട്ട്, മരമടി, കാളയോട്ടം എന്നിവ വീണ്ടും നടത്തുന്നതിന് നിയമം കൊണ്ടുവരുമെന്ന് മൃഗസംരക്ഷണ മന്ത്രി ജെ. ചിഞ്ചുറാണി. നിയമസഭയിൽ പി.ടി.എ റഹീമിൻറെ സബ്മിഷന് മറുപടി പറയുകയായിരുന്നു മന്ത്രി. നിയമനിർമാണത്തിനുള്ള പ്രിവൻഷൻ ഒഫ് ക്രൂവൽറ്റി ടു ആനിമൽസ് – കേരള അമെൻമെൻഡ് ബിൽ 2021 നേരത്തെ മന്ത്രിസഭ അംഗീകരിച്ചിരുന്നു.
പിന്നീട് ഇത് ബില്ലായി കൊണ്ടുവരാനും തീരുമാനിച്ചു. എന്നാൽ 1960ലെ കേന്ദ്ര നിയമത്തിൻറെ പരിധിയിൽ വരുന്നതിനാൽ ഭേദഗതി വരുത്തും മുമ്പ് രാഷ്‌ട്രപതിയുടെ മുൻകൂർ അനുമതി വാങ്ങണമായിരുന്നു.
ഇക്കാര്യം പരിശോധിക്കാനും ഈ വിഷയത്തിൽ പുതിയ ഓർഡിനൻസ് പുറപ്പെടുവിക്കാനും രാഷ്‌ട്രപതിയുടെ അനുമതി വേണമോ എന്ന് പരിശോധിക്കാൻ നിയമ വകുപ്പിനെ ചുമതലപ്പെടുത്തി. അതുപ്രകാരം ഓർഡിനൻസും തയാറാക്കി. ഓർഡിനൻസിന് മുൻകൂർ അനുമതി തേടി കേന്ദ്ര ആഭ്യന്തര സെക്രട്ടറിക്ക് പലപ്പോഴായി മൂന്നു തവണ കത്തയച്ചിരുന്നു.
എന്നാൽ കേന്ദ്രം മറുപടി നൽകിയിട്ടില്ല. ഈ സാഹചര്യത്തിൽ ഓർഡിനൻസിലെ നിർദേശങ്ങൾ ബില്ലായി നിയമസഭയിൽ അവതരിപ്പിച്ച് പാസാക്കി രാഷ്‌ട്രപതിയുടെ അംഗീകാരത്തിനായി അയയ്ക്കാമെന്ന് നിയമ വകുപ്പ് ഉപദേശം നൽകിയിട്ടുണ്ട്.
![](https://timelynews.net/wp-content/uploads/2025/01/Timely-Add-682x1024.jpg)
അതുപ്രകാരമുള്ള നടപടികൾ സ്വീകരിച്ചു വരികയാണ്. തമിഴ്നാട്, കർണാടക സർക്കാരുകൾ കേന്ദ്ര നിയമത്തിൽ ഭേദഗതി വരുത്തി ജെല്ലിക്കെട്ട് പോലുള്ള കാർഷിക മത്സരങ്ങൾ നിയമവിധേയമാക്കിയിരുന്നു.
ഇത് ചോദ്യം ചെയ്ത് മൃഗക്ഷേമ സംഘടനകൾ സുപ്രീം കോടതിയെ സമീപിച്ചെങ്കിലും ഭേദഗതി ശരിയാണെന്ന് കോടതി വിധിക്കുകയായിരുന്നെന്നും മന്ത്രി വിശദമാക്കി.