പാലക്കാട്: ചൊവ്വാഴ്ച രാത്രി വലിയ തെരച്ചിലിനൊടുവിൽ പിടികൂടിയ നെന്മാറ ഇരട്ടക്കൊലക്കേസ് പ്രതിയായ ചെന്താമരയെ(58) കോടതി റിമാൻഡ് ചെയ്തു. ആലത്തൂർ ഫസ്റ്റ് ക്ലാസ് ജുഡീഷ്യൽ മജിസ്ട്രേട്ട് കോടതി റിമാൻഡ് ചെയ്ത ചെന്താമരയെ ആലത്തൂർ സബ് ജയിലിലെത്തിച്ചു.
14 ദിവസത്തേക്കാണ് റിമാൻഡ്. കസ്റ്റഡി അപേക്ഷ അടുത്ത ദിവസം നൽകുമെന്ന് അന്വേഷണ സംഘം അറിയിച്ചു. മൂന്ന് പേരെ കൊല ചെയ്തത് തെറ്റാണെന്നും 100 വർഷം വേണമെങ്കിലും ശിക്ഷിച്ചോളൂ എന്നും ചെന്താമര കോടതിയിൽ പറഞ്ഞു.
കൊല നടത്തിയത് തനിച്ചാണ്. തന്‍റെ ജീവിതം തകർത്തതുകൊണ്ടാണ് ചെയ്തത്. എത്രയും വേഗം ശിക്ഷ നടപ്പാക്കണം. ഇനി പുറത്തിറങ്ങാൻ ആഗ്രഹമില്ല. പൊലീസ് ഉപദ്രവിച്ചിട്ടില്ല.
എൻജിനീയറായ മകളുടെയും സ്പെഷ്യൽ ബ്രാഞ്ചിലുള്ള മരുമകന്‍റെയും മുന്നിൽ മുഖം കാണിക്കാനാവില്ലെന്നും പ്രതി കോടതിയെ അറിയിച്ചു. പോത്തുണ്ടി സ്വദേശിയായ സുധാകരനെയും അമ്മ മീനാക്ഷിയെയും വെട്ടിക്കൊലപ്പെടുത്തിയ ശേഷം ഒളിവില്‍ പോയ ചെന്താമരയെ 36 മണിക്കൂര്‍ നീണ്ട തെരച്ചിലിന് ശേഷമാണ് പൊലീസ് പിടികൂടിയത്.
സുധാകരന്‍റെ ഭാര്യയെ കൊന്ന ശേഷം ജയിലിൽ പോയ പ്രതി അഞ്ച് കൊല്ലത്തിന് ശേഷം ജാമ്യത്തിലിറങ്ങിയ ശേഷമാണ് രണ്ട് പേരെക്കൂടി കൊന്നത്. മറ്റ് രണ്ട് സ്ത്രീകളെയും സ്വന്തം ഭാര്യയെയും കൊല്ലാൻ ഇയാൾ പദ്ധതിയിട്ടിരുന്നതായി പറയുന്നു.