പ്രയാഗ്‍രാജ്: മഹാകുംഭമേളക്കിടെ തിക്കിലും തിരക്കിലും പെട്ട് 30 പേർ മരിച്ചതായി സ്ഥിരീകരിച്ച് പൊലീസ്. 90 പേർക്കാണ് പരുക്കേറ്റത്. മരിച്ചവരിൽ 25 പേരെ തിരിച്ചറിഞ്ഞതായും ഡി.ഐ.ജി വൈഭവ് കൃഷ്ണ സ്ഥിരീകരിച്ചു.
10 പേർ മരിച്ചെന്നായിരുന്നു ആദ്യം പുറത്തുവന്ന റിപ്പോർട്ട് എന്നാൽ പിന്നീട് മരണസംഖ്യ ഉയരുകയായിരുന്നു. പുലർച്ചെ ഒരു മണിക്കും രണ്ട് മണിക്കുമിടയിൽ വലിയ ജനക്കൂട്ടമെത്തിച്ചേർന്നു.
അമൃത് സ്നാനത്തിനിടെ ബാരിക്കേഡ് തകർന്ന് അപകടമുണ്ടാവുകയായിരുന്നുവെന്ന് യു.പി മുഖ്യമന്ത്രി യോഗി ആദിത്യനാഥ് അറിയിച്ചിരുന്നു. സർക്കാർ അതിവേഗം ഇടപെടുകയും പരുക്കേറ്റവർക്ക് ചികിത്സ നൽകുകയും ചെയ്തെന്നും യോഗി വിശദീകരിച്ചിരുന്നു. അത്യാവശ്യ സാഹചര്യങ്ങളിൽ ഹെൽപ് ലൈൻ നമ്പറായ 1920ൽ ബന്ധപ്പെടണമെന്ന് സർക്കാർ അറിയിച്ചു.
കുംഭമേളയിലെ സാഹചര്യം പ്രധാനമന്ത്രി വിലയിരുത്തി, രക്ഷാപ്രവർത്തനവും ചികിത്സയും കാര്യക്ഷമമായി നടക്കണമെന്ന് നിർദേശം നൽകി. അതേസമയം, തിരക്കിനെ തുടർന്ന് സ്നാനം അൽപനേരത്തേക്ക് നിർത്തിവച്ചങ്കിലും ഇപ്പോൾ വീണ്ടും പുന:രാരംഭിച്ചു.