മൂവാറ്റുപുഴ: ലോകം കൈക്കുമ്പിളിലായിരിക്കുമ്പോൾ ഇണയെ കണ്ടെത്തുന്നതിന് ദേശ, ഭാഷാന്തരങ്ങൾ തടസമാകുന്നില്ല. മൂവാറ്റുപുഴ സ്വദേശിയായ യുവാവിന് ജീവിതത്തിൽ ഇണയും തുണയുമായി കിട്ടിയത് യു.കെ സ്വദേശിനിയെ ആണ്. കേന്ദ്ര ഗവൺമെൻ്റ് ജീവനക്കാരനായിരുന്ന മൂവാറ്റുപുഴ കൂട്ടിനാൽ ജോർജിൻ്റെയും മുൻ പഞ്ചായത്ത് സെക്രട്ടറി മൂവാറ്റുപുഴ കുരിശിങ്കൽ ജീൻ മാത്യൂസിൻ്റെയും മകൻ നിഖിലാണ് യു.കെയിൽ നിന്ന് കാതറിനെ ജീവിത സഖിയാക്കിയത്.

ഉപരിപഠനത്തിനും ജോലി സംബന്ധമായും സിംഗപ്പൂരിലെത്തിയതാണ് നിഖിൽ. നിയോഗം പോലെ യു.കെയിൽ നിന്ന് പീറ്റർ വാംസ്ലിയുടേയും പട്രീഷ്യയുടേയും മകൾ കാതറിനും സിംഗപ്പൂരെത്തി. പരിചയം വളർന്ന് അഞ്ചു വർഷമായി. ജീവിതത്തിൽ ഇനിയങ്ങോട്ട് അവർ ഒരുമിച്ചാണ്. യു.കെയിൽ കഴിഞ്ഞ ഒക്ടോബറിൽ അവർ വിവാഹിതരായി.
നിഖിലിൻ്റെ കുടുംബാംഗങ്ങൾക്കും ബന്ധുക്കൾക്കും സ്നേഹിതർക്കും യു.കെയിലെ വിവാഹത്തിൽ പങ്കെടുക്കാൻ അവസരം ലഭിച്ചില്ല. നവദമ്പതിമാരെ പരിചയപ്പെടാനും അവർക്ക് ആശംസകൾ അറിയിക്കാനും സ്നേഹവിരുന്നിൽ പങ്കെടുക്കാനും ഇന്ന് മൂവാറ്റുപുഴയിൽ നിഖിൽ അവസരമൊരുക്കിയിട്ടുണ്ട്.