വയനാട്: കുരുമുളക് പറിക്കാൻ 100 രൂപ കൂടുതൽ ചോദിച്ച ആദിവാസി യുവാവിന് ക്രൂര മർദ്ദനം. വയനാട് അമ്പലവയൽ നീർച്ചാൽ കോളനിയിലെ ബാബുവിനെയാണ് തല്ലിച്ചതച്ചത്. പരിക്കേറ്റതിനാൽ കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് ചികിത്സക്കായി മാറ്റി. ബാബു സ്ഥിരമായി ജോലിക്ക് പോകുന്ന വീട്ടിൽ നിന്ന് 600 രൂപയ്ക്ക് പകരം 700 രൂപ കൂലി ചോദിച്ചപ്പോൾ ഉടമയുടെ മകൻ മുഖത്ത് ചവിട്ടുകയായിരുന്നു.
ഒറ്റയ്ക്ക് താമസിക്കുന്ന ബാബു പേടി കാരണം സംഭവം പുറത്തുപറഞ്ഞിരുന്നില്ല. യുവാവിന്‍റെ മുഖത്തെ നീരും പരിക്കേറ്റ പാടും കണ്ട ഒരു കടക്കാരൻ എസ്.സി/ എസ് ടി പ്രമോട്ടറായ സിനിയെ വിവരം അറിയിക്കുകയായിരുന്നു. തുടർന്ന് സിനി സ്ഥലത്തെത്തുകയും ബാബുവിനെ ബത്തേരി ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു. പിന്നീട് കോഴിക്കോട് മെഡിക്കൽ കോളെജിലേക്ക് മാറ്റി. തലയോട്ടിക്കും താടിയെലിലിനും ഇടയിലുള്ള ഭാഗത്തെ എല്ലിന് പൊട്ടലുണ്ട്. സംഭവത്തിൽ ്മ്പലവയൽ പൊലീസ് അന്വേഷണം തുടങ്ങി.