കല്‍പറ്റ: വയനാട് സിപിഎം ജില്ലാ കമ്മിറ്റി അംഗം എ.എൻ പ്രഭാകരന്‍റെ പ്രസംഗം വൻ വിവാദത്തിൽ. പനമരത്ത് മുസ്ലിം വനിതയെ മാറ്റി ആദിവാസി പെണ്ണിനെ പഞ്ചായത്ത് പ്രസിഡന്‍റാക്കി എന്നായിരുന്നു എ.എൻ പ്രഭാകരന്‍റെ പ്രസംഗം. പനമരത്ത് യുഡിഎഫ് മുസ്ലിം വനിതയെ മാറ്റി ആദിവാസി പെണ്ണിനെ പഞ്ചായത്ത് പ്രസിഡന്‍റാക്കി.
പ്രസിഡന്‍റ് ആകേണ്ടിയിരുന്ന ഹസീനയെ കോൺഗ്രസുകാർ മാറ്റി. ആദ്യമായി മുസ്ലിം വനിത പ്രസിഡണ്ടായിരുന്ന പഞ്ചായത്തിലെ ഭരണം ലീഗ് മറിച്ചിട്ടു. ലീഗ് പനമരത്ത് ചെയ്തത് ചരിത്രപരമായ തെറ്റ്. അടുത്ത തെരഞ്ഞെടുപ്പിൽ വീട് കയറുമ്പോൾ ലീഗുകാർ കയ്യുംകെട്ടി നിന്നും മറുപടി പറയേണ്ടി വരുമെന്നും എ.എൻ പ്രഭാകരൻ പറഞ്ഞു. പനമരത്ത് അവിശ്വാസ പ്രമേയത്തിന് പിന്നാലെ ഭരണമാറ്റം സംഭവിച്ചതിനെക്കുറിച്ച് പ്രസംഗിക്കുമ്പോഴായിരുന്നു വിവാദ പരാമർശങ്ങൾ.
എൽഡിഎഫ് പഞ്ചായത്ത് പ്രസിഡണ്ടായിരുന്നു ആസ്യ യുഡിഎഫ് അവിശ്വാസ പ്രമേയത്തിലൂടെയാണ് പുറത്തായത്. യുഡിഎഫിൽ പ്രസിഡന്‍റ് സ്ഥാനാർഥിയായി ഹസീനയുടെയും ലക്ഷ്മി ആലക്കമുറ്റത്തിന്‍റേയും പേരുകൾ ചർച്ചയിൽ ഉണ്ടായിരുന്നു. യുഡിഎഫിലെ ഭിന്നതയെ തുടർന്ന് ആദ്യദിവസം തെരഞ്ഞെടുപ്പ് നടന്നിരുന്നില്ല. പാണക്കാട് സാദിഖ് അലി തങ്ങൾ ഇടപട്ടാണ് ലക്ഷ്മി ആലക്കമുറ്റത്തെ പ്രസിഡന്‍റ് സ്ഥാനാർഥിയായി തീരുമാനിച്ചത്. ഇതിനെതിരേയായിരുന്നു പ്രഭാകരന്‍റെ പരാമർശം.