Timely news thodupuzha

logo

ജനകീയ കാന്‍സര്‍ പ്രതിരോധ ക്യാമ്പയിൻ; സൗജന്യ പരിശോധനയ്ക്ക് 1500 രൂപ ഫീസ് ഈടാക്കി തിരുവനന്തപുരം മെഡിക്കൽ കോളെജ്

തിരുവനന്തപുരം: ആരോഗ്യം ആനന്ദം – അകറ്റാം അര്‍ബുദം ജനകീയ കാന്‍സര്‍ പ്രതിരോധ ക്യാമ്പയിന്‍റെ ഭാഗമായി സൗജന്യ പരിശോധന അട്ടിമറിച്ച് തിരുവനന്തപുരം മെഡിക്കൽ കോളെജ് ആശുപത്രി അധികൃതർ. ഇവിടെ സൗജന്യ പരിശോധനയ്ക്കെത്തിയവർക്ക് 1500 രൂപ നൽകി മാമോഗ്രാം എടുക്കണമെന്ന് നിർദേശം. ഇതോടെ വലിയൊരു പങ്ക് അതിന് മുതിരാതെ സ്ഥലംവിട്ടു.

നവകേരളം കര്‍മ പഥ് ആര്‍ദ്രം മിഷന്‍റെ ഭാഗമായി ശൈലി ആപ്പ് വഴി ആരോഗ്യ വകുപ്പ് നടത്തിയ സ്‌ക്രീനിങ്ങിന്‍റെ ആദ്യഘട്ടത്തില്‍ ഒമ്പത് ലക്ഷത്തോളം പേർക്കും, രണ്ടാം ഘട്ടത്തിൽ രണ്ട് ലക്ഷത്തോളം പേർക്കും കാൻസർ സാധ്യത കണ്ടെത്തിയിരുന്നു. ഇവരിൽ ഒന്നാം ഘട്ടത്തിൽപ്പെട്ട 1. 5 ലക്ഷം പേരും രണ്ടാം ഘട്ടത്തിൽപ്പെട്ട 40,000 പേരും മാത്രമാണ് തുടർ പരിശോധനയ്ക്ക് തയാറായത്.

ഇതിനെ തുടർന്നാണ് വലിയ പ്രചാരണം നടത്തി മാർച്ച് 8 വരെ പരിശോധനയും പ്രതിരോധവും ചികിത്സയും നിശ്ചയിച്ചത്. മെഡിക്കൽ കോളെജിൽ ആദ്യദിവസങ്ങളിൽ സൗജന്യമായി മാമോഗ്രാം പരിശോധന നടത്തിയിരുന്നു. എന്നാൽ, ശനിയാഴ്ച അതിന് തുക ഈടാക്കാൻ തീരുമാനിക്കുകയായിരുന്നു.

ഇതോടെ, മാമോഗ്രാമിന് നിർദേശിക്കപ്പെട്ടവരിൽ മിക്കവരും തീയതി എടുക്കാതെ തിരിച്ചുപോയി. ദാരിദ്ര്യരേഖയ്ക്കു താഴെയുള്ളവർക്കു മാത്രമേ സൗജന്യമുള്ളൂ എന്നാണ് അധികൃതർ അറിയിച്ചത്.

വലിയ തുക നൽകി തുടർപരിശോധന നൽകാൻ നിവൃത്തിയില്ലാത്തവരാണ് ക്യാൻസർ സാധ്യതാ പരിശോധനയുടെ തുടർ ചികിത്സയ്ക്ക് എത്താത്തതെന്ന് സർക്കാർ തിരിച്ചറിഞ്ഞിരുന്നു. അതിനെ തുടർന്ന് വലിയ പ്രചാരണം നൽകി ആരംഭിച്ച ക്യാംപെയ്നാണ് അധികൃതർ തന്നെ മൂന്നാം ദിവസം അട്ടിമറിച്ചത്.

Leave a Comment

Your email address will not be published. Required fields are marked *