തൊടുപുഴ: കല്ലാനിക്കൽ സെൻ്റ് ജോർജ്ജസ് ഹയർ സെക്കണ്ടറി സ്കൂളിൻ്റെ നേതൃത്വത്തിൽ നിർമ്മിച്ച സ്നേഹ വീടിൻ്റെ താക്കോൽ ദാനം ഇടുക്കി ജില്ലാ കളക്ടർ വി വിഗ്നേശ്വരി ഐ.എ.എസ് നിർവഹിച്ചു. സ്നേഹ വീട് നിർമ്മാണത്തിൽ പങ്കാളികളായ 30 സുമനസ്സുകളെ ചടങ്ങിൽ ആദരിച്ചു.
കരുതലും കൈത്താങ്ങുമാകാൻ സ്കൂളും ഏതാനും നല്ല മനസ്സുകളും കൈകോർത്തപ്പോൾ സാക്ഷാത്കരിക്കപ്പെട്ടത് അടച്ചുറപ്പുള്ള വീടെന്ന ഒരു കുടുംബത്തിൻ്റെ സ്വപ്നമാണ്. സ്കൂൾ ഓഡിറ്റോറിയത്തിൽ നടന്ന ചടങ്ങിൽ സ്നേഹ വീടിൻ്റെ താക്കോൽ കളക്ടർ വി വിഗ്നേശ്വരി ഐ.എ.എസ് കൈമാറി. നാം ഇന്ന് അനുഭവിക്കുന്ന സന്തോഷം നമ്മുക്ക് മുന്നേ നടന്നവരുടെ കരുതലാണെന്നും വിദ്യാർത്ഥികൾ മുൻകയ്യെടുത്താൽ സ്നേഹ വീടുപോലെ ഒരു സ്നേഹ ലോകം സൃഷ്ടിക്കാൻ സാധിക്കുമെന്നും കളക്ടർ ഓർമ്മിപ്പിച്ചു.
സ്കൂൾ മാനേജർ റവ.ഫാദർ സോട്ടർ പെരിങ്ങാരപ്പള്ളി അധ്യക്ഷത വഹിച്ച ചടങ്ങിൽ സ്കൂൾ പ്രിൻസിപ്പാൾ ഡോ. സാജൻ മാത്യു സ്വാഗതം ആശംസിച്ചു. ഇടവെട്ടി പഞ്ചായത്ത് പ്രസിഡൻ്റ് ബിൻസി മാർട്ടിൻ ആശംസ നേർന്നു. സെൻ്റ് ജോർജ്ജ് യു.പി സ്കൂൾ ഹെഡ് മാസ്റ്റർ ജി ലിൻ്റോ, വാർഡ് മെമ്പർ മോളി ബിജു എന്നിവർ ചടങ്ങിൽ പങ്കെടുത്തു. സീനിയർ അസിസ്റ്റൻ്റ് വിവിഷ് വി റോൾഡൻ്റ് ചടങ്ങിന് നന്ദി പറഞ്ഞു.