തിരുവനന്തപുരം: വെഞ്ഞാറമൂട് കൂട്ടക്കൊലയിൽ പ്രതി അഫാനെ സംരക്ഷിക്കാനുള്ള ശ്രമവുമായി അമ്മ ഷെമീന. തന്നെ ആക്രമിച്ചത് മകൻ അഫാൻ അല്ലെന്നും, താൻ കട്ടിലിൽ നിന്നു നിലത്ത് വീണ് പരുക്കേറ്റെതാണെന്നുമാണ് ഷെമീന ഞായറാഴ്ചയും പൊലീസിനു നൽകിയ മൊഴി. മകൻ അഫാന് ആരെയും ആക്രമിക്കാൻ സാധിക്കില്ലെന്നും ഷെമീന അവകാശപ്പെട്ടു. തന്നെ കൊലപ്പെടുത്താൻ ശ്രമിച്ചിട്ടും മുൻപ് നൽകിയ അതേ മൊഴിയൽ ഉറച്ചു നിൽക്കുകയാണ് ഷെമീന.
ആശുപത്രിയിൽ നിന്ന് അവരെ സംരക്ഷണ കേന്ദ്രത്തിലേക്കാണ് മാറ്റിയിരിക്കുന്നത്. കാമുകിയെയും അനുജനെയും കൊന്ന കേസിൽ മൂന്നാം ഘട്ടം തെളിവെടുപ്പിനായി അഫാനെ തിങ്കളാഴ്ച പൊലീസ് കസ്റ്റഡിയിൽ വാങ്ങും. അഫാൻറെ പിതാവിൻറെ സഹോദരനെയും ഭാര്യയെയും കൊലപ്പെടുത്തിയ കേസിൽ കഴിഞ്ഞ ദിവസം തെളിവെടുപ്പ് നടത്തിയിരുന്നു. കൊലപാതകം നടത്തിയ വീട്ടിൽ നേരിട്ടെത്തിച്ചാണ് തെളിവെടുത്തത്.