ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്ര മോദി കഴിഞ്ഞ ജന്മത്തിൽ ഛത്രപതി ശിവജിയായിരുന്നുവെന്ന് ബി.ജെ.പി എം.പി പ്രദീപ് പുരോഹിത്. പാർലമെൻറ് സെഷനിലാണ് ഒഡീശയിൽ നിന്നുള്ള എം.പിയുടെ പരാമർശം.
രാജ്യത്തെ റെയ്‌ൽവേ വികസനത്തിൽ കേന്ദ്രത്തിൻറെ പങ്കിനെക്കുറിച്ച് സംസാരിക്കുന്നതിനിടെയാണ് എംപിയുടെ പ്രസംഗത്തിൽ മോദിയും ശിവജിയും ഇടം പിടിച്ചത്. ഗിരിജ ബാബയെന്ന സന്യാസി ഒരിക്കൽ എന്നോട് പറഞ്ഞു. ശിവാജി മഹാരാജ് ആണ് മോദിയായി പുനർജനിച്ച് രാജ്യത്തെ വോകത്തിലെ തന്നെ ഏറ്റവും വികസിക്കപ്പെട്ട രാജ്യമാക്കി മാറ്റുന്നതെന്നായിരുന്നു അദ്ദേഹത്തിൻറെ പരാമർശം. നാണമില്ലാത്ത പാദസേവകൻ എന്നാണ് ശിവസേന(യു.ബി.ടി) നേതാവ് പ്രിയങ്ക ചതുർവേദി ഇതിനോട് പ്രതികരിച്ചത്.
പ്രധാനമന്ത്രി മോദിയെ ഛത്രപതി ശിവജിയുമായി താരതമ്യം ചെയ്യുന്നത് അംഗീകരിക്കാൻ ആകില്ലെന്നും അവർ എക്സിൽ കുറിച്ചു. പ്രധാനമന്ത്രി മോദിയുമായി താരതമ്യം ചെയ്തതിലൂടെ എം.പി ഛത്രപതി ശിവജിയെ അപമാനിച്ചിരിക്കുകയാണെന്ന് കോൺഗ്രസ് നേതാവ് വർഷ ഗെയ്ക്‌വാദ് ആരോപിച്ചു.മുഗൾ ചക്രവർത്തി ഓറംഗസേബിൻറെ കല്ലറ പൊളിക്കണമെന്നാവശ്യപ്പെട്ട് നാഗ്പുരിൽ കലാപം നടക്കുന്നതിനിടെയാണ് എംപിയുടെ പരാമർശം എന്നതും ശ്രദ്ധേയമാണ്.