Timely news thodupuzha

logo

ബെറ്റിങ്ങ് ആപ്പുകൾ പ്രചരിപ്പിച്ചു: പ്രകാശ് രാജ് ഉൾപ്പെടെ 25 സിനിമാ താരങ്ങൾക്കെതിരേ കേസ്

ഹൈദരാബാദ്: അനധികൃത ബെറ്റിങ്ങ് ആപ്പുകൾക്ക് പ്രചാരം നൽകുന്നുവെന്ന പരാതിയിൽ വിജയ് ദേവരക്കൊണ്ട, റാണ ദഗ്ഗുബതി, പ്രകാശ് രാജ് എന്നിവർ ഉൾപ്പെടെ 25 തെന്നിന്ത്യൻ താരങ്ങൾക്കെതിരേ കേസെടുത്ത് തെലങ്കാന പൊലീസ്. ബിസിനസുകാരനായ ഫണീന്ദ്ര ശർമ നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് എഫ്ഐആർ ഫയൽ ചെയ്തിരിക്കുന്നത്. ‌

ബെറ്റിങ് ആപ്പുകൾക്കും വെബ്സൈറ്റുകൾക്കും സമൂഹമാധ്യമങ്ങളിലൂടെ പ്രചാരം നൽകിയെന്നാണ് കേസ്. ലക്ഷണക്കണക്കിന് രൂപമാണ് ഇത്തരം അനധികൃത പ്ലാറ്റ്ഫോമുകളിലൂടെ മറിയുന്നതെന്നും പല കുടുംബങ്ങളെയും തകർക്കുവാൻ ഇത്തരം ആപ്പുകൾ കാരണമാകുന്നുണ്ടെന്നും പരാതിയിൽ ചൂണ്ടിക്കാണിച്ചിട്ടുണ്ട്. താനുൾപ്പെടെ നിരവധി പേർ കഷ്ടപ്പെട്ട് സമ്പാദിച്ച തുക ഇത്തരം ആപ്പുകളിൽ നിക്ഷേപിച്ചിരുന്നു. കുടുംബാംഗങ്ങൾ മുന്നറിയിപ്പ് നൽകിയതോടെ താൻ അതിൽ നിന്ന് പിന്മാറി.

പക്ഷേ ഇടത്തരം, ദരിദ്ര കുടുംബങ്ങളിൽ ഉൾപ്പെടുന്നവർ പലരും ഇത്തരം ആപ്പുകളുടെ ചതിയിൽ പെടുന്നുണ്ട്. താരങ്ങളും ഇൻഫ്ലുവൻസർമാരും വൻതുക പ്രതിഫലം വാങ്ങിയാണ് ഇത്തരം ആപ്പുകൾക്ക് പ്രചാരം നൽകുന്നതെന്നും പരാതിയിൽ ഉണ്ട്.

ഭാരതീയ ന്യായ സംഹിത പ്രകാരം വഞ്ചന ഉൾപ്പെടെയുള്ള കുറ്റങ്ങൾ ഉൾപ്പെടുത്തിയും ഇൻഫോർമേഷൻ ടെക്നോളജി ആക്റ്റ് പ്രകാരവുമാണ് കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്.

മഞ്ജു ലക്ഷ്മി, പ്രണീത, നിധി അഗർവാൾ, അനന്യ നാഗല്ല, സിരി ഹനുമന്തു, ശ്രീമുഖി, വർഷിണി സൗന്ദർരാജൻ, വസന്തി കൃഷ്ണൻ, ശോഭ ഷെട്ടി, അമൃത ചൗധരി, നയനി പവനി, നേഹ പത്താൻ, പത്മാവതി, ഇമ്രാൻ ഖാൻ, വിഷ്ണു പ്രിയ, ഹർഷ സായ്, സണ്ണി യാദവ്, ശ്യാമള, ടേസ്റ്റി തേജ, ബന്ദാരു ശേഷയാണി സുപ്രിത എന്നിവരാണ് കേസിൽ ഉൾപ്പെട്ട മറ്റ് താരങ്ങൾ.

Leave a Comment

Your email address will not be published. Required fields are marked *