മലപ്പുറം: താനൂരിൽ എം.ഡി.എം.എ ലഹരി വാങ്ങാൻ പണം നൽകാത്തതിൻറെ പേരിൽ യുവാവ് മാതാപിതാക്കളെ ആക്രമിച്ചു. ഇയാളെ പിന്നീട് നാട്ടകാർ ചേർന്ന് കൈകാലുകൾ ബന്ധിച്ച് താനൂർ പൊലീസിൽ ഏർപ്പിച്ചു.
സ്ഥലത്തെത്തിയ താനൂർ ഡി.വൈ.എസ്.പി പ്രമോദിൻറെ നേതൃത്വത്തിലുള്ള പൊലീസ് സംഘം ഇയാളെ ലഹരി വിമുക്ത കേന്ദ്രത്തിലേക്ക് മാറ്റി. നേരത്തെ കൊച്ചിയിൽ ജോലിയ്ക്ക് പോവുകയും വീട് നോക്കുകയും ചെയ്തിരുന്നതായിരുന്നു ഇയാൾ. എന്നാൽ ഇതിനിടയിലാണ് ഇയാൾ ആദ്യമായി ലഹരി മരുന്ന് ഉപയോഗിച്ച് തുടങ്ങുന്നതും പിന്നീട് അടിമയാവുന്നതും.
പതിയെ ജോലി നിർത്തിയ യുവാവ് പിന്നീട് മയക്കുമരുന്ന് വാങ്ങിക്കാനായി വീട്ടിൽ നിന്നും പണം ആവശ്യപ്പെടാൻ തുടങ്ങുകയായിരുന്നു. ഇയാൾ നിരവധി തവണ മാതാവിനെ മർദിച്ചിട്ടുമുണ്ടെന്നാണ് വിവരം. തുടർന്ന് ബുധനാഴ്ച രാത്രിയിലും ഇത്തരത്തിൽ ബഹളം വയ്ക്കുകയും ആക്രമണം നടത്തുകയും ചെയ്തതോടെ നാട്ടുകാർ ചേർന്ന് യുവാവിനെ പിടികൂടി പൊലീസിൽ ഏൽപ്പിക്കുകയായിരുന്നു. സംഭവത്തിൽ അന്വേഷണം നടത്തുമെന്നും യുവാവിന് എത്തരത്തിലാണ് ലഹരി കിട്ടിയത് എന്നതടക്കം പരിശോധിക്കുമെന്നും പൊലീസ് അറിയിച്ചു.