കോട്ടയം: എട്ട് മാസം ഗർഭിണിയായ യുവതിയെ ഭർതൃഗൃഹത്തിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. കുറുപ്പന്തറ കണ്ടാറ്റുപാടം മുതുകാട്ടുപറമ്പിൽ അഖിൽ മാനുവലിൻറെ ഭാര്യ അമിത സണ്ണിയാണ് (32) മരിച്ചത്. ഞായറാഴ്ച രാത്രി 10.30 യോടെയാണ് സംഭവം. ഞായറാഴ്ച രാത്രി അമിത വീട്ടുകാരെ ഫോണിൽ വിളിച്ച് താൻ മരിക്കാൻ പോവുകയാണെന്ന് പറഞ്ഞതായി ബന്ധുക്കൾ പറയുന്നു.
അമിതയുടെ വീട്ടുകാർ ഫോണിൽ തിരികെ വിളിച്ചെങ്കിലും കിട്ടാതെ വന്നതോടെ അഖിലിനെ ഫോണിൽ വിളിച്ചു വിവരമറിയിക്കുകയായിരുന്നു. തുടർന്ന് അഖിൽ വന്നു നോക്കിയപ്പോഴാണ് തൂങ്ങിനിൽക്കുന്ന നിലയിൽ അമിതയെ കാണുന്നത്. ഉടൻ ആശുപത്രിയിൽ എത്തിച്ചെങ്കിലും അമിത മരണപ്പെട്ടിരുന്നു.
മകനും മരുമകളും തമ്മിൽ വഴക്കിട്ടതായും പിന്നീട് അഖിൽ പുറത്തേക്ക് പോയ സമയത്താണ് അമിത തൂങ്ങിയതെന്നുമാണ് അഖിലിൻറെ മാതാവ് ഷേർളി പൊലീസിന് നൽകിയ മൊഴി. വൈക്കം തഹസിൽദാരുടെ നേതൃത്വത്തിൽ ഇൻക്വസ്റ്റ് നടത്തിയ ശേഷം മൃതദേഹം മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്.
പോസ്റ്റുമോർട്ടത്തിന് ശേഷം ചൊവ്വാഴ്ച വൈകിട്ട് 4ന് അമിതയുടെ ഇടവകയായ കടപ്ലാമറ്റം സെൻറ് മേരീസ് പള്ളിയിൽ സംസ്‌കാരം നടക്കും. സൗദിയിൽ നഴ്‌സായി ജോലി നോക്കിയിരുന്ന അമിത ഒരു വർഷത്തോളമായി നാട്ടിൽത്തന്നെയാണ്.
അമിതയുടെ മക്കളായ അനയ(4), അന്ന(2) എന്നീ കുട്ടികൾ നിവലിൽ യുവതിയുടെ മാതാപിതാക്കൾക്കൊപ്പമാണ് കഴിയുന്നത്. മരണം സംബന്ധിച്ച് ഇതുവരെ ബന്ധുക്കളാരും പരാതി നൽകിയിട്ടില്ലെന്നും അസ്വഭാവിക മരണത്തിന് കേസെടുത്തതായും മേൽനടപടികൾ സ്വീകരിച്ചതായും കടുത്തുരുത്തി പൊലീസ് അറിയിച്ചു.