കൊച്ചി: വീട്ടിലെ പ്രസവത്തിനിടെ യുവതി മരിച്ച സംഭവത്തിൽ ഭർത്താവ് സിറാജുദ്ദിനെതിരെ പൊലീസ് മനഃപൂർവമല്ലാത്ത നരഹത്യ, തെളിവ് നശിപ്പിക്കൽ തുടങ്ങിയ കുറ്റങ്ങൾ ചുമത്തി. തിങ്കളാഴ്ച വൈകിട്ടോടെ ഇയാളുടെ അറസ്റ്റ് മലപ്പുറം എസ്പി രേഖപ്പെടുത്തിയിരുന്നു. അസ്മയുടെ അഞ്ചാം പ്രസവമായിരുന്നു ഇത്. ആദ്യത്തെ രണ്ട് പ്രസവം മാത്രമാണ് ആശുപത്രിയിൽ വച്ച് നടന്നത്.
മറ്റ് മൂന്ന് പ്രസവങ്ങളും വീട്ടിൽ വച്ചാണ് നടന്നത്. സിറാജുദ്ദീൻ ആത്മീയ കാര്യങ്ങളിൽ അമിതമായി വിശ്വസിച്ചിരുന്നതിനാലാണ് പ്രസവങ്ങൾ വീട്ടിലാക്കിയതെന്നാണ് മൊഴി. പ്രസവത്തിന് സഹായിക്കാനായി ഒരു സ്ത്രീ ഒപ്പമുണ്ടായിരുന്നതായി പ്രതി മൊഴി നൽകിയിട്ടുണ്ട്. ഇവരിലേക്കും അന്വേഷണം നീളും. അമിത രക്തസ്രാവമാണ് അസ്മയുടെ മരണകാരണമെന്ന് പോസ്റ്റ്മോർട്ടം റിപ്പോർട്ടിൽ നിന്നും വ്യക്തമായിരുന്നു.
ശനിയാഴ്ച രാവിലെ ആറ് മണിക്ക് പ്രസവിച്ച അസ്മ മരിക്കുന്നത് രാത്രി ഒമ്പത് മണിയോടെയാണ്. മൂന്നു മണിക്കൂറോളം രക്തസ്രവമുണ്ടായി. മലപ്പുറത്ത് വാടകവീട്ടിൽ നിന്നും അസ്മയുടെ മരണ ശേഷം മൃതദേഹവുമായി സിറാജുദീൻ പെരുമ്പാവൂരിലെ വീട്ടിലേക്കെത്തുകയായിരുന്നു. എല്ലാവരിൽ നിന്നും മരണ വിവരം സിറാജുദ്ദീൻ മറച്ച് വച്ചിരുന്നു. തുടർന്ന് യുവതിയുടെ വീട്ടുകാരുമായി വാക്ക് തർക്കമുണ്ടായി. യുവതിയുടെ കുടുംബമാണ് സിറാജുദ്ദീനെതിരെ പൊലീസിൽ പരാതി നൽകിയത്.