കാസർഗോഡ്: തമിഴ്നാട് സ്വദേശിയുടെ ആക്രമണത്തെ തുടർന്ന് ഗുരുതരമായി പൊള്ളലേറ്റ യുവതി മരിച്ചു. പലചരക്ക് കടയുടമയായ രമിതയാണ് (27) മരിച്ചത്. തമിഴ്നാട് സ്വദേശി രാമാമൃതം രമിതക്കു നേരെ തിന്നർ ഒഴിച്ചു തീകൊളുത്തിയിരുന്നു. ഇതേ തുടർന്ന് ചികിത്സയിൽ കഴിയുകയായിരുന്ന രമിത തിങ്കളാഴ്ച രാത്രിയോടെയാണ് മരിച്ചത്.
കഴിഞ്ഞ ചൊവ്വാഴ്ചയോടെയായിരുന്നു രമിതയ്ക്കു നേരെ ആക്രമണമുണ്ടായത്. രമിതയുടെ കടയ്ക്ക് സമീപം ഫർണീച്ചർ കട നടത്തുന്ന രാമാമൃതം നിരന്തരം മദ‍്യപിച്ച് കടയിൽ വന്ന് പ്രശ്നങ്ങൾ ഉണ്ടാക്കിയിരുന്നു. ഇതേ തുടർന്ന് രമിത കടയുടമയോട് പരാതിപ്പെട്ടിരുന്നു. തുടർന്ന് രാമാമൃതതോട് കെട്ടിടം ഒഴിയാൻ കടയുടമ ആവശ‍്യപ്പെട്ടിരുന്നു. ഇതിൻറെ വൈരാഗ‍്യമാണ് ആക്രമണത്തിനു പിന്നിലെന്നാണ് വിവരം.
പൊള്ളലേറ്റ രമിതയെ ഉടൻ കാഞ്ഞങ്ങാട് ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു. പിന്നീട് ആരോഗ‍്യസ്ഥിതി മോശമായതിനെ തുടർന്ന് മംഗലാപുരത്തെ ആശുപത്രിയിലേക്ക് മാറ്റിയെങ്കിലും ജീവൻ രക്ഷിക്കാനായില്ല. പ്രതിയായ രാമാമൃതത്തെ അന്ന് തന്നെ പൊലീസ് കസ്റ്റഡിയിലെടുത്തിരുന്നു.