കശ്മീർ താഴ്വരയിൽ നിന്ന് സൈന്യത്തെ പല ഘട്ടമായി പിൻവലിക്കാൻ കേന്ദ്ര സർക്കാർ പദ്ധതിയിടുന്നതായി റിപ്പോർട്ടുകൾ പുറത്തുവരുന്നുണ്ട്. നിയന്ത്രണ രേഖയിൽ ഒഴികെ മറ്റെല്ലായിടത്തു നിന്നും സൈന്യത്തെ പിൻവലിക്കാനാണ് ആലോചനയെന്നു പറയുന്നു. ജമ്മു കശ്മീരിനുണ്ടായിരുന്ന പ്രത്യേക പദവി റദ്ദാക്കിയ ശേഷം ഭരണകൂടം സ്വീകരിച്ച നടപടികൾ ഭീകര പ്രവർത്തനത്തിന് ഒരു പരിധി വരെ തടയിട്ടിട്ടുണ്ടെന്നു ബന്ധപ്പെട്ട കേന്ദ്രങ്ങൾ അവകാശപ്പെടുന്നുണ്ട്.
പാക്കിസ്ഥാൻറെ സഹായത്തോടെ ഇന്ത്യക്കെതിരായി പ്രവർത്തിക്കുന്ന ഭീകരരെ നേരിടാനാണല്ലോ താഴ്വരയിൽ സൈന്യത്തെ നിയോഗിക്കേണ്ടി വന്നിരുന്നത്. സ്ഥിതിഗതികൾ പൊതുവിൽ ശാന്തമാവുന്ന നിലയ്ക്ക് സൈന്യം ഇങ്ങനെ തുടരേണ്ടതുണ്ടോ എന്ന ആലോചനയാണ് ഉണ്ടായതെന്ന് സർക്കാരുമായി ബന്ധപ്പെട്ട വൃത്തങ്ങൾ സൂചിപ്പിക്കുന്നു. പ്രതിരോധ മന്ത്രാലയവും കേന്ദ്ര ആഭ്യന്തര മന്ത്രാലയവും സൈന്യവും പൊലീസും എല്ലാം ചേർന്നു നടത്തുന്ന ആലോചനകൾ അവസാന ഘട്ടത്തിലാണെന്നാണു പറയുന്നത്. ജമ്മു കശ്മീരിലെ സ്ഥിതിഗതികൾ സാധാരണ നിലയിലേക്ക് എത്തുകയാണെന്നു ജനങ്ങളെ ബോധ്യപ്പെടുത്താനും അവരിൽ ആത്മവിശ്വാസം വളർത്താനും സൈനിക പിന്മാറ്റം ഉപകരിക്കുമെന്നു വിലയിരുത്തപ്പെടുന്നുണ്ട്. ഭീകരരെ നേരിടുന്നതടക്കം ഇപ്പോൾ സൈന്യം നിർവഹിക്കുന്ന ജോലികൾ സിആർപിഎഫിൻറെ ചുമതലയിലാവുമെന്നു പറയുന്നു.