കാസർകോട്: കേന്ദ്രസർക്കാരിന്റെ തെറ്റായ നയങ്ങൾക്കും വർഗീയതക്കും എതിരെ നടത്തുന്ന ജനകീയ പ്രതിരോധ ജാഥ സംസ്ഥാന സർക്കാരിന് രക്ഷാ കവചം തീർക്കാനാണെന്ന് സി.പി.ഐ(എം) സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദൻ പറഞ്ഞു. ജനകീയ പ്രതിരോധ ജാഥയുടെ ഭാഗമായി രാവിലെ വാർത്തസമ്മേളനം നടത്തുകയായിരുന്നു ജാഥ ക്യാപ്റ്റൻ കൂടിയായ എം വി ഗോവിന്ദൻ. ബിജെപിയെ വലിയ തോതിൽ എതിർക്കാൻ കോൺഗ്രസ് മുതിരുന്നില്ല.
കോൺഗ്രസ് പിന്തുടരുന്ന മൃദുഹിന്ദുത്വനയം മൂലം ബിജെപിയുടെ വർഗീയതയെ തുറന്നെതിർക്കാൻ അവർക്കാകുന്നില്ല. കോർപ്പറേറ്റുകളോടുള്ള സമീപനത്തിലും സാമ്പത്തിക നയങ്ങളിലും കോൺഗ്രസും ബിജെപിയും തമ്മിൽ വ്യത്യാസമില്ല. രാഷ്ട്രീയ പകപോക്കലിന് കേന്ദ്രം അന്വേഷണ ഏജൻസികളെ ദുരുപയോഗിക്കുയാണെന്ന കോൺഗ്രസിന്റെ ദേശീയ നയത്തോടൊപ്പമാണോ കേരളത്തിലെ കോൺഗ്രസുകാർ. സോണിയ ഗാന്ധി ഈ അഭിപ്രായം തുറന്നു പറഞ്ഞു. കോൺഗ്രസിന്റെ പ്ലീനറി സമ്മേളനം നടക്കുന്ന ചത്തീസ് ഗണ്ഡിൽ കോൺഗ്രസ് നേതാക്കളുടെ വീട്ടിൽ ഇ ഡി റെയ്ഡ് നടത്തുന്നു. ഇത് പകപോക്കലാണെന്ന് കോൺഗ്രസ് ദേശീയ നേതാക്കൾ പറയുന്നു. അത് കേരളത്തിലെ കോൺഗ്രസ് നേതാക്കൾ മനസിലാക്കുന്നില്ല. കെപിസിസിക്ക് ബിജെപിയെയാണ് പഥ്യം.