തിരുവനന്തപുരം: ഇ.പി.എഫ് സ്‌കീമിൽ ഉയർന്ന പെൻഷൻ ഓപ്‌ഷൻ ഉപയോഗപ്പെടുത്താൻ അർഹതയുള്ളവർ സമ്മതം അറിയിക്കേണ്ടത് ഓൺലൈനിൽ. ഇതിനായി പ്രത്യേക ഓൺലൈൻ സൗകര്യമൊരുക്കുമെന്ന് ഇപിഎഫ് ഓർഗനൈസേഷൻ കഴിഞ്ഞദിവസം പുറത്തിറക്കിയ സർക്കുലറിൽ പറഞ്ഞിട്ടുണ്ട്. ഇത് ഇനിയുമായിട്ടില്ല. 1995 നവംബർ 16 മുതൽ 5000/6500 രൂപയ്‌ക്കുമുകളിൽ ശമ്പളം വാങ്ങുന്നവരും, മുഴുവൻ ശമ്പളത്തിനും പി.എഫ് വിഹിതം (തൊഴിലാളി, തൊഴിലുടമ വിഹിതം) അടച്ചുവരുന്നവരും, ഇപിഎസ്–-95 പ്രകാരം ഓപ്‌ഷൻ കൊടുക്കാത്തവരും, -2014 സെപ്‌തംബർ ഒന്നിന് സർവീസിൽ ഉള്ളവർക്കുമാണ് ഹയർ ഓപ്‌ഷൻ കൊടുക്കാൻ അർഹത.
2014 സെപ്‌തംബർ ഒന്നിനുശേഷം 15,001 രൂപയ്‌ക്കുമുകളിൽ ശമ്പളത്തോടുകൂടി ജോലിയിൽ പ്രവേശിച്ച ഒരാളും ഇപിഎസ്–-95 സ്‌കീമിൽ വരുന്നില്ല. അത്തരക്കാർ ഇതിലേക്ക് ഓപ്‌ഷൻ കൊടുക്കേണ്ടതില്ല.
അർഹർ ഹയർ ഓപ്‌ഷൻ ഉറപ്പാക്കാനായി ഇപിഎഫ് പാരാഗ്രാഫ് 26 (6) പ്രകാരമുള്ള ഓപ്‌ഷൻ ഫോം, ഇപിഎസ്–-1995 11 (3), 11 (4) പ്രകാരമുള്ള ഓപ്‌ഷൻ ഫോം എന്നിവ വർധിച്ച പെൻഷൻ ലഭിക്കാൻ നൽകണം. 5000/6500 രൂപ ശമ്പളത്തിന് മുകളിൽ 12 ശതമാനം ഇപിഎഫ് വിഹിതം അടയ്ക്കുന്നതിനുള്ള തെളിവ് നൽകണം.