മുംബൈ: അദാനി ഗ്രൂപ്പിന് നേരെയുള്ള ഹിൻഡൻബർഗ് റിസർച്ച് റിപ്പോർട്ട് വന്നതിനു ശേഷമുള്ള ഓഹരി വിപണിയിൽ അദാനി ഗ്രൂപ്പിന്‍റെ തകർച്ച തുടങ്ങിയിട്ട് ഇന്ന് ഒരുമാസം തികയുന്നു. ഓഹരി വിപണിയിൽ അദാനി ഗ്രൂപ്പ് നേരിട്ടത് 12 ലക്ഷം കോടി രൂപയുടെ ഇടിവാണ്. ലോക ധനികരുടെ പട്ടികയിൽ ആദ്യ മൂന്നിൽ നിന്ന് 27 ആം സ്ഥാനത്തേക്ക് അദാനി വീണത് വെറും ഒരു മാസം കൊണ്ടായിരുന്നു. കൂടിയ ഓഹരി ഈടായി നൽകി വായ്പ എടുക്കുക, ഇന്ത്യൻ നിയമങ്ങൾക്ക് വിരുദ്ധമായി കമ്പനികളിൽ കൂടുതൽ ഓഹരി സ്വന്തമാക്കി വയ്ക്കുക, ഷെൽ കമ്പനികളുപയോഗിച്ച് ഓഹരി മൂല്യം ഉയർത്തുക തുടങ്ങിയ ആരോപണങ്ങളായിരുന്നു ഹിന്റൻബർഗ് റിപ്പോർട്ടിലൂടെ ഉയർത്തി കാട്ടിയത്.
നേരത്തെ തന്നെ പറഞ്ഞ് കേട്ട ആരോപങ്ങളായിരുന്നു ഇവ. ഇതൊന്നും കാര്യമായി ബാധിക്കില്ലെന്ന് അദാനിയെ പോലെ വിശ്വസിച്ച വലിയൊരു വിഭാഗമുണ്ടായിരുന്നു. എന്നാൽ ഓഹരി വിപണിയിലെ ഏറ്റവും വലിയ വീഴ്ചയാണ് ഒരു മാസം ഇപ്പുറം അദാനി ഗ്രൂപ്പിന് നേരിടേണ്ടി വന്നത്.