പോസ്റ്റുവുമണിനെ തെരുവു നായ ആക്രമിച്ചു. തൊടുപുഴ ഈസ്റ്റ് പോസ്റ്റോഫീസിലെ ബീറ്റ് നമ്പർ വണ്ണിൽ ജോലി ചെയ്യുന്ന പോസ്റ്റുവുമണായ സത്യേല.എം നായർക്കാണ് ഡ്യൂട്ടി സമയത്ത് ആക്രമണം ഉണ്ടായത്. വടക്കുംമുറിയിലെ എംപ്ലോയീസ് ഗാർഡനെന്ന ഭാഗത്ത് വച്ച് നായ ഉപദ്രവിക്കുകയായിരുന്നു.
നായയുടെ ആക്രമണത്തിൽ പരിക്കേറ്റ ഈസ്റ്റ് പോസ്റ്റോഫീസിലെ പോസ്റ്റുവുമൺ സത്യേല തപാൽ ഓഫീസിൽ വിവരം അറിയിച്ചതിനെ തുടർന്ന് മറ്റ് ഉദ്യോഗസ്ഥർ ചേർന്ന് സത്യേലയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഡോക്ടർ പരിശോധിച്ച ശേഷം രണ്ടാഴ്ച ഇടവിട്ടുള്ള ദിവസങ്ങളിൽ ഇഞ്ചക്ഷനായി നിർദ്ദേശിച്ചിട്ടുണ്ടെന്നും പോസ്റ്റ് മാസ്റ്റർ വ്യക്തമാക്കി. നായയുടെ ആക്രമണമേറ്റ എംപ്ലോയീസ് ഗാർഡനിൽ ഇതിനു മുമ്പും തെരുവുനായകളുടെ ശല്യമുണ്ടായിട്ടുള്ളതായി പോസ്റ്റ് മാസ്റ്റർ പറഞ്ഞു. പല പ്രാവശ്യം പോസ്റ്റൽ ജീവനക്കാർ പരാതി പറഞ്ഞിരുന്നതായും ഇതിന്റെ അടിസ്ഥാനത്തിൽ സ്ഥലത്തെ റെസിഡൻസ് അസോസിയേഷനും ക്ലബ്ബുകളുമായൊക്കെ ബന്ധപ്പെടുകയും ചെയ്തതാണ്. കത്തു മുഖേനയും ഇക്കാര്യം അവതരിപ്പിച്ചിരുന്നു. എന്നാൽ ഇതുവരെയും നടപടികളൊന്നും സ്വീകരിച്ചിരുന്നില്ല.
ഇതിനിടയിലാണ് ഇന്ന് എംപ്ലോയീസ് ഗാർഡനിലെ ഒരു വീട്ടിൽ കത്ത് കൈമാറുന്നതിനിടിയിൽ നായ വന്ന് ആക്രമിച്ചത്. സത്യേലയുടെ കാലിൽ നായ കടിക്കുകയായിരുന്നു. നട്ടുച്ച നേരത്തെ പൊരിവെയിലിലെ ഡ്യൂട്ടിക്കിടയിൽ നായ ആക്രമണം കൂടി ഉണ്ടായാൽ എങ്ങിനെ ജനസേവനം നടത്തുമെന്നാണ് പോസ്റ്റ് മാസ്റ്റർ ചോദിക്കുന്നത്. ഇനി മുതൽ സംഭവ സ്ഥലത്ത് കത്തുകൾ കൊടുക്കില്ലെന്ന നിലപാടിലാണ് ജീവനക്കാർ. ഇക്കാര്യം പോസ്റ്റൽ വകുപ്പിലെ ഉന്നത ഉദ്യോഗസ്ഥരെ അറിയിച്ചിട്ടുണ്ടെന്നും മുനിസിപ്പൽ അധികൃതരെയും ഉടനെ ബോധ്യപ്പെടുത്തുമെന്നും ഇനിയും ഈ രീതിയിൽ തന്നെ മുന്നോട്ട് പോകാനാണ് പ്രദേശവാസികൾ ഉദ്ദേശിക്കുന്നതെങ്കിൽ അവിടേക്കുള്ള സേവനം നിർത്തുന്നതിനെക്കുറിച്ച് ആലോചിക്കേണ്ടി വരുമെന്നും തൊടുപുഴ ഈസ്റ്റ് പോസ്റ്റ് ഓഫീസിലെ പോസ്റ്റ് മാസ്റ്റർ ഡേവിസ് കുര്യാക്കോസ് പറഞ്ഞു.