റയ്പൂർ: കോൺഗ്രസ് പ്ലീനറി സമ്മേളനത്തിന് സമാപനം കുറിക്കുമ്പോൾ 4 സംസ്ഥാനങ്ങളിൽ തെരഞ്ഞെടുപ്പിന് സജ്ജമാവാൻ ആഹ്വാനം. രാജസ്ഥാൻ, കർണ്ണാടക, ഛത്തീസ്ഘട്ട് എന്നിവിടങ്ങളിലെ തെരഞ്ഞെടുപ്പുകൾക്കായി വേണ്ടത്ര തയ്യാറെടുപ്പുകൾ നടത്തണമെന്നും ഈ സംസ്ഥാനങ്ങളിലെ തെരഞ്ഞെടുപ്പുകൾ അതി നിർണ്ണായകമാണെന്നും പ്ലീനറി സമ്മേളനത്തിൽ ചൂണ്ടിക്കാട്ടി. ഈ നിയമസഭ തെരഞ്ഞെടുപ്പിലെ ഫലം വരുന്ന ലോക്സഭ തെരഞ്ഞെടുപ്പിൽ നിർണ്ണായകമാവുമെന്നും ഇതിൽ വിജയിക്കാനായാൽ പാർട്ടിയുടെ പ്രതാപം തിരിച്ചു പിടിക്കാനാവുമെന്നുമാണ് നേതൃത്വത്തിന്‍റെ കണക്കുകൂട്ടൽ. അതിനായി പാർട്ടിയിൽ ഐക്യവും അച്ചടക്കവും വേണമെന്നും പ്ലീനറി സമ്മേളനം വിലയിരുത്തി.
അതേസമയം, മോദി അദാനി വിഷയം രാഹുൽ ഗാന്ധി ആവർത്തിച്ചു. പ്ലീനറി സമ്മേളന വേദിയിൽ വെച്ചായിരുന്നു രാഹുൽ വിമർശനം വീണ്ടും ആവർത്തിച്ചത്. പാർലമെന്‍റിൽ അദാനിയെക്കുറിച്ചു സംസാരിക്കുമ്പോൾ ഗവൺമെന്‍റിലെ എല്ലാ മന്ത്രിമാരും പ്രതിരോധിക്കുകയാണ്. അദാനിയെ ചോദ്യം ചെയ്യുന്നവർ രാജ്യദ്രോഹികളായി ചിത്രീകരിക്കപ്പെടുന്നു. അദാനിയാണ് ഏറ്റവും വലിയ രാജ്യസ്നേഹിയെന്നു ബിജെപി വിശ്വസിക്കുന്നുണ്ടോ എന്നും രാഹുൽ ഗാന്ധി ചോദിച്ചു. സത്യം പുറത്തു വരുന്നതു വരെ അദാനിയെക്കുറിച്ചുള്ള ചോദ്യങ്ങൾ പാർലമെന്‍റിൽ തുടരുമെന്നും രാഹുൽ വ്യക്തമാക്കി