
ഇടുക്കി: പുളിയന്മല കേന്ദ്രീകരിച്ച് അനധികൃതമായി മദ്യ വിൽപ്പന നടത്തിയിരുന്ന പുളിയൻ മലയിലെ ചുമട്ടു തൊഴിലാളിയായ വിജയവിലാസം വേണുഗോപാലിന്റെ മകൻ മധുവിനെ(48) അളവിൽ കവിഞ്ഞ ഇന്ത്യൻ നിർമ്മിത വിദേശ മദ്യവുമായി കസ്റ്റഡിയിലെടുത്തു. കട്ടപ്പന ഡി.വൈ.എസ്.പി വി.എ നിഷാദ് മോന്റെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണ സംഘവും, വണ്ടന്മേട് പോലീസും ചേർന്നായിരുന്നു ഇയാളെ പിടികൂടിയത്. പുളിയന്മല കേന്ദ്രീകരിച്ച് വൻതോതിൽ അനധികൃതമായി മദ്യ വില്പന നടക്കുന്നുവെന്ന പരാതിയെ തുടർന്ന് പോലീസ് നാളുകളായി രഹസ്യ നിരീക്ഷണം നടത്തി വരികയായിരുന്നു.

ചുമട്ടു തൊഴിലാളിയായ മധു തന്റെ ജോലി മറയാക്കി പുളിയന്മല ടൗണിന്റെ വിവിധ ഭാഗങ്ങളിൽ കാറിലാണ് മദ്യം വിറ്റു കൊണ്ടിരുന്നത്. പതിനൊന്നു ലിറ്റർ ഇന്ത്യൻ നിർമ്മിത വിദേശ മദ്യം പിടിച്ചെടുത്തു. കട്ടപ്പന ഡിവൈഎസ്പി വി.എ നിഷാദ് മോൻ, എസ്.ഐ മഹേഷ്, എ.എസ്.ഐ വിനോദ്, എസ്.സി.പി.ഒമാരായ ജോർജ്, സിനോജ് പി.ജെ, സിനോജ് ജോസഫ്, എസ്.സി.പി.ഒ അനീഷ് വിശ്വംഭരൻ, സി.പി.ഒമാരായ സുബിൻ, ശ്രീകുമാർ, വി. കെ അനീഷ് എന്നിവരുടെ കൂട്ടായ ശ്രമത്തിലൂടെ ആയിരുന്നു അന്വേഷണം. ഇയാൾ ഇതിനുമുമ്പും അളവിൽ കവിഞ്ഞ മദ്യം കയ്യിൽ സൂക്ഷിച്ചു വില്പന നടത്തിയതിന് എക്സൈസ് അറസ്റ്റ് ചെയ്ത് ജയിൽശിക്ഷ അനുഭവിച്ചിട്ടുണ്ട്.