തിരുവനന്തപുരം: അച്ചടക്കലംഘനവും ചട്ടലംഘനവും സ്വഭാവ ദൂഷ്യപരമായ പ്രവർത്തിയും കാരണം കോർപ്പറേഷൻറെ സത്പേരിന് കളങ്കം വരുത്തിയ ആറ് ജീവനക്കാരെ വിവിധ സംഭവങ്ങളിൽ കെ.എസ്.ആർ.ടി.സി താൽക്കാലികമായി മാറ്റി നിർത്തി.
ഉദ്യോഗസ്ഥരിൽ നല്ല മനോഭാവം പ്രോത്സാഹിപ്പിക്കുന്നതിന് വേണ്ടി കെ.എസ്.ആർ.ടി.സി ജീവനക്കാർക്ക് വേണ്ടി ഏർപ്പെടുത്തിയ ബിഹേവിയറൽ ചെയ്ഞ്ച് ട്രെയിനിംഗിൽ മദ്യപിച്ച് ഹാജരായ മൂലമറ്റം യൂണിറ്റിലെ കണ്ടക്ടർ ബിജു അഗസ്റ്റ്യൻ, ഫെബ്രുവരി 19 ന് ആലുവ ശിവരാത്രി ദിവസം എറണാകുളം ഡിപ്പോയിൽ വെഹിക്കിൾ സൂപ്പർവൈസർ ഡ്യൂട്ടിക്കിടെ മദ്യപിച്ചെത്തിയ ബിജുകുമാർ, നെയ്യാറ്റിൻകര ഡിപ്പോയിലെ കണ്ടക്ടറുടെ ചികിത്സയ്ക്കായി പിരിച്ചെടുത്ത 1.39 ലക്ഷം രൂപ അയാളുടെ അക്കൗണ്ടിൽ ഇട്ട് കൊടുത്ത ശേഷം തിരികെ വാങ്ങി തിരിമറി നടത്താൻ ശ്രമിച്ച നെയ്യാറ്റിൻകര ഡിപ്പോയിലെ ജനറൽ ഇൻസ്പെക്ടർ ടി. ഐ സതീഷ്കുമാർ എന്നിവരെ അന്വേഷണ വിധേയമായി സസ്പെൻഡ് ചെയ്തു.
ഫെബ്രുവരി 28 ന്, ബസ് അപകടകരമായ വിധം ഡ്രൈവ് ചെയ്ത് രണ്ട് കോളേജ് വിദ്യാർത്ഥികളുടെ ജീവൻ കവർന്ന സംഭവത്തിൽ ചടയമംഗലം ഡിപ്പോയിലെ ഡ്രൈവർ ആർ.ബിനു, ഫെബ്രുവരി 26 ന് 200 ഗ്രാം ബ്രാസ് സ്ക്രാപ്പ് കടത്തിക്കൊണ്ട് പോകാൻ ശ്രമിച്ചത് ഡ്യൂട്ടി ഗാർഡ് കണ്ടെത്തിയ സംഭവത്തിൽ കുറ്റാരോപിതനായ പാറശ്ശാല ഡിപ്പോയിലെ ബ്ലാക്ക് സ്മിത്ത് ഐ. ആർ.ഷാനു, 2022 ഡിസംബർ 10 കോഴിക്കോട് ഡിപ്പോയിലെ ബസിലെ യാത്രക്കാരനിൽ നിന്നും ലഗേജിന്റെ നിരക്ക് ഈടാക്കിയ ശേഷം ടിക്കറ്റ് നൽകാതിരുന്നതിനെ തുടർന്ന് യാത്രാക്കാരൻ നൽകിയ പരാതിയെ തുടർന്ന് അന്വേഷണം നടത്തി കുറ്റക്കാരെന്ന് കണ്ടെത്തിയ കണ്ടക്ടർ പി.ജെ പ്രദീപ് തുടങ്ങിയവരെയും താൽക്കാലത്തേക്ക് നീക്കം ചെയ്തു.