തിരുവനന്തപുരം: കൊച്ചിയിലെ ഏഷ്യാനെറ്റ് ന്യൂസ് ഓഫീസിലേക്ക് അതിക്രമിച്ച് കയറിയ എസ്.എഫ്.ഐ നടപടിയിലും കോഴിക്കോട് ഓഫീസിലെ പൊലീസ് പരിശോധനക്കുമെതിരായി പ്രതിപക്ഷം കൊണ്ടുവന്ന അടിയന്തര പ്രമേയത്തിന് അനുമതി നിഷേധിച്ചതിൽ എതിർപ്പ് കാട്ടിയ പ്രതിപക്ഷം നിയമസഭയിൽ നിന്നിറങ്ങിപ്പോയി. മാധ്യമങ്ങൾ തെറ്റ് ചെയ്താൽ നടപടിയാകാം, പക്ഷെ ആ നടപടി പകപോക്കലിനുള്ള അവസരമാക്കരുതെന്നായിരുന്നു പ്രതിപക്ഷ നേതാവ് വി.ഡി സതീശന്റെ പ്രതികരണം.
ലഹരിക്ക് എതിരായ ക്യാംപയിൻറെ ഭാഗമായാണ് ഏഷ്യാനെറ്റ് ന്യൂസ് വാർത്ത നൽകിയത്. കേസുണ്ട്, ചാർജ് ഷീറ്റുണ്ട്, പെൺകുട്ടിയുടെ അച്ഛന്റെ പരാതിയിൽ കേസ് എടുത്തതാണ്. ആരുടേയും ചിത്രം വാർത്തയിൽ വ്യക്തമല്ല. ആർക്കും മനസിലാക്കാൻ പാടില്ലാത്ത ചിത്രം വച്ചാണ് വാർത്ത ചിത്രീകരിച്ചത്. ഈ വീഡിയോ യഥാർത്ഥമല്ലെന്ന് വേണമെങ്കിൽ കൊടുക്കാമായിരുന്നുയെന്ന് മാത്രമാണ് ഇതിൽ പറയാവുന്ന തെറ്റെന്നും അദ്ദേഹം പറഞ്ഞു.