Timely news thodupuzha

logo

അടുപ്പിനായി ഉപയോഗിക്കുന്ന ചുടുകല്ലുകൾ നീക്കം ചെയ്യുന്നതും പ്രധാനമാണെന്ന് കോർപ്പറേഷൻ

തിരുവനന്തപുരം: പൊങ്കല അടുപ്പിന് ഉപയോ​ഗിക്കുന്ന ഇഷ്ടികകൾ ശേഖരിക്കുന്നതിന് പിഴ ഈടാക്കുന്നതുമായി ബന്ധപ്പെട്ട് തെറ്റായ വാർത്തകൾ പ്രചരിക്കുന്നുണ്ടെന്ന് തിരുവനന്തപുരം കോർപറേഷൻ. പൊങ്കാല സുഗമമായി അർപ്പിക്കുന്നതിനും ഭക്തർക്ക് നഗരത്തിൽ വന്നു തിരിച്ചുപോകുന്നതിനും എല്ലാ ക്രമീകരണങ്ങളും നഗരസഭ ഏർപ്പെടുത്തിയിട്ടുണ്ട്. പൊങ്കാലയ്ക്ക് ശേഷമുള്ള മാലിന്യങ്ങൾ നീക്കം ചെയ്യുന്നതുപോലെതന്നെ പ്രധാനമാണ് പൊങ്കാല അടുപ്പിനായി ഉപയോഗിക്കുന്ന ചുടുകല്ലുകൾ നീക്കം ചെയ്യുന്നതും.

ഭക്തർ പൊങ്കാലയ്ക്കായി കൊണ്ടുവരുന്ന ഏതൊരു വസ്തുവും തിരികെ കൊണ്ടുപോകാൻ അവർക്ക് എല്ലാ അവകാശവമുണ്ട്. അതേസമയം അവർ ഉപേക്ഷിക്കുന്ന ചുടുകല്ല് ഉൾപ്പെടെയുള്ള വസ്തുവകകൾ ശേഖരിക്കുന്നതിനും നീക്കം ചെയ്യുന്നതിനുമുള്ള ചുമതലയും അധികാരവും കേരള മുൻസിപാലിറ്റി ആക്ട് 330 പ്രകാരം നഗരസഭയ്ക്കാണ്. ഇത്തരത്തിൽ പൊങ്കാല അടുപ്പിന് ഉപയോഗിക്കുന്ന ചുടുകല്ലുകൾ ശേഖരിച്ച് മറിച്ച് വിൽക്കുന്ന ലോബികൾ ഉള്ളതായി മുൻവർഷങ്ങളിൽ ശ്രദ്ധയിൽപ്പെട്ടു. അത് ഒഴിവാക്കുന്നതിനും കൂടാതെ ഇത്തരത്തിൽ ശേഖരിക്കുന്ന ചുടുകല്ലുകൾ പുനരുപയോഗിച്ച് മുൻഗണനാ ക്രമത്തിൽ വിവിധ ഭവനപദ്ധതികൾക്ക് (ലൈഫ് ഉൾപ്പെടെയുള്ള) ഉപയോഗപ്പെടുത്തുന്നതാണ്.

അതുകൊണ്ട് തന്നെ നിലവിൽ നഗരസഭയ്ക്ക് എതിരെ നടക്കുന്ന വ്യാജപ്രചരണങ്ങൾ അവസാനിപ്പിക്കണമെന്നും ആറ്റുകാൽ പൊങ്കാലയുടെ വിജയത്തിനായി പ്രവർത്തിക്കുന്ന ഉദ്യോഗസ്ഥർക്കും ജീവനക്കാർക്കും സന്നദ്ധ സംഘടനകൾക്കും എല്ലാ പിന്തുണയും നൽകണമെന്നും കോർപറേഷൻ അറിയിച്ചു. സംസ്ഥാന മലിനീകരണ നിയന്ത്രണ ബോർഡ് ആറ്റുകാൽ പൊങ്കാലയുമായി ബന്ധപ്പെട്ട് പരിസ്ഥിതി സംരക്ഷണത്തിൽ ശ്രദ്ധിക്കേണ്ട കാര്യങ്ങളിൽ നിർദേശങ്ങൾ നൽകി. പൊതിഞ്ഞും കവറുകളിലുമായി പൊങ്കാല സാമഗ്രികൾ പൊങ്കാലയിടങ്ങളിൽ കൊണ്ടു വരുമ്പോൾ ഗ്രീൻ പ്രോട്ടോക്കോൾ പാലിക്കണം. ഉച്ചഭാഷിണികളും മറ്റ് ശബ്ദോപകരണങ്ങളും പ്രവർത്തിപ്പിക്കുന്നതുമായി ബന്ധപ്പെട്ട് പൊതുജനങ്ങളുടെ പരാതിയിന്മേൽ പോലീസ് വകുപ്പ് മലിനീകരണ നിയന്ത്രണ ബോർഡിന്റെ സഹായം ആവശ്യപ്പെടുന്ന ഘട്ടങ്ങളിൽ തത്സമയം ശബ്ദപരിധി അളന്ന് ബോർഡ് കൈമാറുന്നതാണ് എന്നിങ്ങനെയുള്ള ചില കാര്യങ്ങളെക്കുറിച്ചാണ് പറഞ്ഞിരിക്കുന്നത്.

Leave a Comment

Your email address will not be published. Required fields are marked *