ഗോഹട്ടി: പഹൽഗാം ഭീകരാക്രമണത്തെത്തുടർന്നുള്ള ഇന്ത്യ – പാക് സംഘർഷം രൂക്ഷമായാലും ചൈന നേരിട്ട് ഇടപെടാൻ സാധ്യതയില്ലെന്ന് കിഴക്കൻ കമാൻഡ് മുൻ മേധാവി ലെഫ്റ്റനൻറ് ജനറൽ(റിട്ട.) റാണ പ്രതാപ് കലിത.
നിലവിലെ ഭൗമരാഷ്‌ട്രീയ സാഹചര്യങ്ങളും യുഎസുമായുള്ള നികുതിയുദ്ധത്തിൻറെ പശ്ചാത്തലവും മൂലമാണിതെന്നും അദ്ദേഹം പറഞ്ഞു. അപ്പോഴും ചൈനയും പാക്കിസ്ഥാനുമായുള്ള സൗഹൃദം തുടരുമെന്നും അതു വസ്തുതയാണെന്നും അദ്ദേഹം വിശദീകരിച്ചു.
2020ലെ ഗാൽവൻ സംഭവത്തെത്തുടർന്ന് ഇരു രാജ്യങ്ങളും നിരവധി കൂടിയാലോചനകളിലൂടെയും ചർച്ചകളിലൂടെയും സംഘർഷത്തിൻറെ അവസാന ഘട്ട സാധ്യതയും പരിഹരിച്ചു. സ്ഥിതിഗതികൾ സാധാരണമാക്കാനുള്ള ശ്രമങ്ങളും നടത്തി. നേരിട്ടുള്ള വിമാനസർവീസുകൾ ആരംഭിക്കുന്നതിനും കൈലാസ് മാനസരോവർ തീർഥാടനം പുനരാരംഭിക്കാനും തീരുമാനിച്ചു. ഉഭയകക്ഷി സംവിധാനം അത്രമാത്രം മുന്നേറി. ഈ സാഹചര്യത്തിൽ വീണ്ടും ഇന്ത്യയ്ക്ക് അസ്വാസ്ഥ്യമുണ്ടാക്കാൻ ചൈന തയാറായേക്കില്ലെന്നും അദ്ദേഹം.