തിരുവനന്തപുരം: ഇന്നലെ വർക്കലയിലെ പാപനാശം ബീച്ചിലുണ്ടായ പാരാഗ്ലൈഡിംഗ് അപകടത്തിൽ കുറ്റക്കാരായ മൂന്ന് പേർ അറസ്റ്റിൽ. പരിശീലകനായ ഉത്തരാഖണ്ഡ് സ്വദേശി സന്ദീപിന്റെ ഭാഗത്ത് ഗുരുതര വീഴ്ചയുണ്ടായെന്നാണ് പൊലീസിൻ്റെ എഫ്.ഐ.ആറിൽ ചൂണ്ടിക്കാട്ടുന്നത്. ഇയാളെ ഒന്നാം പ്രതിയാക്കി ചേർത്തു. സന്ദീപ് പാരാഗ്ലൈഡിംഗ് നടത്തിയത് തീർത്തും അലക്ഷ്യമായിട്ടാണെന്നാണ് പ്രാഥമിക അന്വേഷണത്തിന് ശേഷം പൊലീസ് വ്യക്തമാക്കുന്നത്.
കോയമ്പത്തൂർ സ്വദേശിനിയായ പവിത്രയുമായി ഇന്നലെ വൈകിട്ട് നാല് മണിക്ക് ട്രെയിനർ സന്ദീപ് പാരാഗ്ലൈഡിംഗ് തുടങ്ങി. ഇത് പറന്നുയർന്ന് അഞ്ച് മിനിറ്റനകം തന്നെ ഇവർക്ക് നിയന്ത്രണം നഷ്ടമാവുകയായിരുന്നു. ഇതോടെ ഭയന്ന പവിത്ര നിലവിളിക്കാൻ തുടങ്ങിയെങ്കിലും അടിയന്തരമായി പാരാഗ്ലൈഡിംഗ് നിലത്തിറക്കാതെ അലക്ഷ്യമായി പറത്തുകയായിരുന്നു സന്ദീപ്. അധികം താമസിയാതെ ഹൈമാസ് ലൈറ്റിൽ ഇടിച്ച് അപകടവുമുണ്ടായി. പിന്നീട് ഒന്നര മണിക്കൂറോളം ഇരുവരും ഹൈമാസ് ലൈറ്റിൽ കുടുങ്ങി കിടന്നു.
സംഭവത്തിൽ ഫ്ളൈ സ്പോർട്സ് അഡ്വഞ്ചേഴ്സ് ലിമിറ്റഡ് കമ്പനി ഉടമകളായ ജിതേഷ്, ആകാശ് എന്നിവരേയും പ്രഭുദേവ, ശ്രേയസ് തുടങ്ങിയ ജീവനക്കാരേയും കേസിൽ പ്രതി ചേർത്തു. കമ്പനി ഉടമകൾ ഒളിവിലാണ്. മറ്റു രണ്ടു പേരെയും അറസ്റ്റ് ചെയ്തു