Timely news thodupuzha

logo

വെറ്ററിനറി ഡോക്ടർമാർ സ്വകാര്യ പ്രാക്ടീസ് നിർത്തി വയ്ക്കുമെന്ന്

.തൊടുപുഴ : ഡോക്ടർമാർക്ക് നേരെയുള്ള അന്യായ നടപടികളിൽ പ്രതിഷേധിച്ച് വെറ്ററിനറി ഡോക്ടർമാർ സ്വകാര്യ പ്രാക്ടീസ് നിർത്തി വയ്ക്കുമെന്ന് ഭാരവാഹികൾ വാർത്ത സമ്മേളനത്തിൽ അറിയിച്ചു .
മൃഗസംരക്ഷണ വകുപ്പിലെ വെറ്ററിനറി ഡോക്ടർമാർക്ക് എതിരെ, പ്രത്യേകിച്ച് വനിതകൾക്ക് എതിരേ, അടുത്ത കാലത്തായി അന്യായമായും, അനാവശ്യമായും അച്ചടക്ക നടപടികൾ കൈക്കൊള്ളുന്നതിൽ കേരള ഗവൺമെൻറ് വെറ്ററിനറി ഓഫീസേഴ്സ് അസോസിയേഷൻ പ്രതിഷേധം അറിയിച്ചു.

കഴിഞ്ഞ മൂന്ന് മാസത്തിനിടെ രണ്ട് സീനിയർ വനിതാ വെറ്ററിനറി ഡോക്ടർമാരെ അന്യായമായ കാരണങ്ങൾ ഉന്നയിച്ച് സസ്പെൻഡ് ചെയ്യുകയും, മറ്റൊരു യുവ വനിതാ ഡോക്ടറെ പ്രൈവറ്റ് പ്രാക്ടീസ് ചെയ്തതിനുള്ള ഫീസ് കൈക്കൂലിയായി ചിത്രീകരിച്ച് പരാതി നൽകിയതിനെത്തുടർന്ന് വിജിലൻസ് അറസ്റ്റ് ചെയ്യുകയും ചെയ്തിരുന്നു.

ഡോക്ടർമാർക്കെതിരെയുള്ള അന്യായമായ നടപടികൾ മൃഗസംരക്ഷണ മേഖലയിൽ സ്തുത്യർഹമായ സേവനം കാഴ്ച വയ്ക്കുന്ന അറുപത് ശതമാനത്തോളം വരുന്ന വനിതകൾ അടക്കമുള്ള എല്ലാ വെറ്ററിനറി ഡോക്ടർമാരെയും കടുത്ത ആശങ്കയിലും, സമ്മർദ്ദത്തിലും ആഴ്ത്തിയിട്ടുണ്ട്. തെരഞ്ഞു പിടിച്ചെന്നോണം വനിതകൾ ഇരകളാക്കപ്പെടുന്ന ഈ സാഹചര്യത്തിൽ “സമതയെ പുൽകുക” എന്ന വിഷയത്തെ അടിസ്ഥാനമാക്കിയുള്ള ഈ വർഷത്തെ അന്തർദേശീയ വനിതാ ദിനത്തിൻ്റെ പ്രസക്തി ഏറെയാണ്.

മൃഗസംരക്ഷണ വകുപ്പിന് കീഴിൽ ഗ്രാമ/ബ്ലോക്ക്പഞ്ചായത്ത് തലത്തിൽ ജോലി ചെയ്യുന്ന വെറ്ററിനറി ഡോക്ടർമാരുടെ പ്രവർത്തന സമയം രാവിലെ 9:00 മണിമുതൽ ഉച്ചക്ക് 1:00 മണി വരെയും ഉച്ചക്ക് 2:00 മണി മുതൽ 3:00 മണി വരെയുമാണ്. ഓഫീസ് സമയത്തിന് പുറത്ത് സ്വകാര്യ ചികിത്സ നടത്തുന്നതിന് അനിമൽ ഹസ്ബൻഡറി ഡിപ്പാർട്ട്മെൻ്റ് മാനുവൽ ചാപ്റ്റർ ll സെക്ഷൻ 1 റൂൾ 9 പ്രകാരവും, 2015 ഒക്ടോബർ 14 ലെ 175/2015/ഏ.എച്ച്.ഡി നമ്പർ സർക്കാർ ഉത്തരവ് പ്രകാരവും വ്യവസ്ഥ ചെയ്യുന്നുണ്ട്.

സംസ്ഥാനത്തെ ഒട്ടുമിക്ക ഡോക്ടർമാരും തങ്ങളുടെ പേഴ്സണൽ മൊബൈൽ ഫോൺ നമ്പർ കർഷകർക്ക് നൽകിയിട്ടുണ്ട്. കർഷകർ തങ്ങളുടെ മൃഗങ്ങളുടെ അസുഖ വിവരം വെറ്ററിനറി ഡോക്ടറെ വിളിച്ചറിയിക്കുന്ന മുറയ്ക്ക് വാഹനവും, മരുന്നും അടക്കമുള്ള എല്ലാവിധ ചികിത്സാ സംവിധാനങ്ങളും സ്വന്തം നിലയിൽ ക്രമീകരിച്ചുകൊണ്ട് രാപ്പകൽ വ്യത്യാസമില്ലാതെ കർഷകഭവനങ്ങളിൽ എത്തി തികച്ചും കർഷക സൗഹാർദ്ദപരമായ രീതിയിൽ ചികിത്സ നൽകി വരികയും ചെയ്യുന്നുണ്ട്.

മൃഗചികിത്സാ രംഗത്ത് അപൂർവ്വം സ്വകാര്യ ആശുപത്രികൾ മാത്രമാണ് നിലവിൽ ഉള്ളത് എന്നതിനാൽത്തന്നെ ഓഫീസ് സമയത്തിന് പുറത്തും സർക്കാർ വെറ്ററിനറി ഡോക്ടർമാർ സ്വകാര്യ പ്രാക്ടീസിലൂടെ ചികിൽസാ സഹായം ലഭ്യമാക്കുന്നത് കൊണ്ടാണ് സർക്കാരിന് ഒരു രൂപ പോലും അധികബാദ്ധ്യതയില്ലാത്തവിധം സംസ്ഥാനത്തെ മൃഗചികിത്സാരംഗം മറ്റ് ഏതു സംസ്ഥാനങ്ങളേക്കാളും മികച്ച് നിൽക്കുന്നത്.

തന്റെ മകനെ ചികിത്സക്കായി കൊണ്ടുപോകാൻ വേണ്ടി വാഹനം ഓടിച്ചു കൊണ്ടിരിക്കുമ്പോ6ൾ രാത്രി ഏഴു മണിക്ക് ഡ്യൂട്ടി സമയത്തിന് പുറത്ത് വന്ന ഫോൺകാൾ അറ്റന്റ് ചെയ്തില്ല എന്ന പേരിൽ തിരുവനന്തപുരം ജില്ലയിലെ ഒരു വനിതാ വെറ്ററിനറി ഡോക്ടർ സസ്പെൻഷനിലാണ്. മുപ്പത് വർഷത്തോളം വകുപ്പിൽ ആത്മാർത്ഥമായി പ്രവർത്തിക്കുകയും സ്തുത്യർഹമായ സേവനം നൽകുകയും ചെയ്യുന്ന പത്ത് മാസം മാത്രം സർവ്വീസ് കാലവധിയുമുള്ള സമയത്താണ് അന്യായവും അകാരണവുമായ സസ്പെൻഷൻ.

   അതോടൊപ്പമാണ് കോട്ടയം ജില്ലയിലെ പനച്ചിക്കാട് വെറ്ററിനറി ഡിസ്പെൻസറിയിലെ വെറ്ററിനറി സർജനെ ചതിയിൽപ്പെടുത്തി വിജിലൻസിന്റെ കെണിയിൽ കുടുക്കി അറസ്റ്റ് ചെയ്തിരിക്കുന്നത്.

2015 ലെ സർക്കാർ ഉത്തരവിൽ ആശുപത്രിയിൽ വച്ച് പോസ്റ്റ്മോർട്ടം ചെയ്യുന്നതിനു പോലും ചാർജ്ജ് ഈടാക്കാം എന്ന് കൃത്യമായ വ്യവസ്ഥ നിലനിൽക്കെയാണ് എരുമക്കുട്ടിയുടെ പോസ്റ്റ്മോർട്ടത്തിന് പണം കൈപ്പറ്റി എന്ന പേരിൽ ആത്മാർത്ഥമായി കർഷകർക്ക് സേവനം നൽകിവരികയും നാളിതു വരെ യാതൊരു വിധ അഴിമതി ആരോപണങ്ങളും ഇല്ലാത്ത ഒരു യുവ വനിതാ ഡോക്ടർ തികച്ചും നീതിക്ക് നിരക്കാത്ത രീതിയിൽ ജയിലിൽ പോകേണ്ടി വന്നത്.

   ഇത്തരത്തിൽ നിയമങ്ങൾ കാറ്റിൽ പറത്തി അർഹിക്കുന്ന നീതിപോലും ലഭിക്കാതെ രണ്ട് വനിതാ വെറ്ററിനറി ഡോക്ടർമാർ സസ്പെൻഷനിരിക്കുന്ന സാഹചര്യത്തിലും സർക്കാർ ഇറക്കിയ ഉത്തരവിലെ അവ്യക്തത മുതലെടുത്ത് കൊണ്ട് സംസ്ഥാനമൊട്ടാകെ വെറ്ററിനറി ഡോക്ടർമാർ സ്വകാര്യ പ്രാക്ടീസിന്റെ പേരിൽ വേട്ടയാടപ്പെടുകയും ക്രൂശിക്കപ്പെടുകയും ചെയ്യുകയാണ്.

. സുവ്യക്തവും കൃത്യവുമായ സ്വകാര്യ പ്രാക്ടീസ് മാനദണ്ഡങ്ങൾ സർക്കാർ പുറത്തിറക്കുന്നതുവരെയും സസ്പെൻഷൻ പിൻവലിക്കുന്നതുവരെയും സർക്കാർ സർവീസിലുള്ള വെറ്ററിനറി ഡോക്ടർമാർ സ്വകാര്യ പ്രാക്ടീസിൽ നിന്നും വിട്ടു നിൽക്കാൻ തീരുമാനിച്ചതായി കേരള ഗവൺമെൻറ് വെറ്ററിനറി ഓഫീസേഴ്സ് അസ്സോസിയേഷൻ ഭാരവാഹികൾ അറിയിച്ചു.

സംസ്ഥാന പ്രസിഡന്റ് ഡോ .ദിലീപ് ചന്ദ്രൻ ,ജനറൽ സെക്രട്ടറി കുര്യാക്കോസ് മാത്യു ,വൈസ് പ്രസിഡന്റ് ആർ .ഉഷ ,ജില്ലാ എക്സിക്യു്ട്ടീവ് അംഗം ഡോ .പി .വി .ഗീതമ്മ എന്നിവർ വാർത്ത സമ്മേളനത്തിൽ പങ്കെടുത്തു .

Leave a Comment

Your email address will not be published. Required fields are marked *