ന്യൂഡൽഹി: ഓപ്പറേഷൻ സിന്ദൂർ സർജിക്കൽ സ്ട്രൈക്കിനു പിന്നാലെ ഇന്ത്യയും പാക്കിസ്ഥാനും തമ്മിലുള്ള സംഘർഷ സാഹചര്യം നിലനിൽക്കുന്നതിനാൽ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ത്രിരാഷ്ട്ര സന്ദർശനം റദ്ദാക്കി.
മേയ് 13 മുതൽ 17 വരെ നടത്താനിരുന്ന ക്രൊയേഷ്യ, നോർവേ, നെതർലാൻഡ്‌സ് എന്നീ രാജ്യങ്ങളിലേക്കുള്ള സന്ദർശനമാണ് മാറ്റിവച്ചത്. സന്ദർശന മാറ്റത്തിലെ തീരുമാനം അതത് രാജ്യങ്ങളെ അറിയിച്ചതായി അധികൃതർ വ്യക്തമാക്കുന്നു. സർജിക്കൽ സ്ട്രൈക്കിനു പിന്നാലെ രാജ്യം കനത്ത ജാഗ്രതയിലാണ് ഉള്ളത്.
അതിർത്തിയിലടക്കം ശക്തമായ സുരക്ഷയാണ് ഒരുക്കിയിട്ടുള്ളത്. ഇതിൻറെ ഭാഗമായാണ് പ്രധാനമന്ത്രിയുടെ വിദേശ സന്ദർശനം മാറ്റിവച്ചത്. നേരത്തെ മേയ് 2ന് നടക്കുന്ന റഷ്യൻ വിക്ടറി പരേഡിൽ മുഖ്യാതിഥിയായി പങ്കെടുക്കാൻ പ്രധാനമന്ത്രിയെ ക്ഷണിച്ചിരുന്നുവെങ്കിലും പഹൽഗാം ഭീകരാക്രമണത്തിൻറെ പശ്ചാത്തലത്തിൽ ഈ സന്ദർശനവും മാറ്റിവയ്ക്കുകയായിരുന്നു.