കൊച്ചി: കാക്കനാട് കളക്ടേറ്റിലെത്തി എറണാകുളം ജില്ലാ കളക്ടറായി എൻ.എസ്.കെ ഉമേഷ് ഇന്ന് ചുമതലയേറ്റെടുത്തു. പുതുതായി ചുമതലയേറ്റെടുക്കുന്ന കളക്ടർ എൻ.എസ്.കെ ഉമേഷിന്റെ മുന്നിലെ ആദ്യവെല്ലുവിളി ബ്രഹ്മപുരം മാലിന്യ പ്ലാൻറിലെ തീ പൂർണമായും അണയ്ക്കുകയാണ്. എൻ.എസ്.കെ ഉമേഷ് ചീഫ് സെക്രട്ടറിയുടെ സ്റ്റാഫ് ഓഫീസറായിരുന്നു. എറണാകുളം ജില്ല കളക്ടറായിരുന്ന രേണുരാജ് ചാർജെടുത്ത് ഒരു വർഷം മാത്രമായിരിക്കെ വയനാട്ടിലേക്ക് മാറ്റിയത് ബ്രഹ്മപുരം മാലിന്യ പ്ലാൻറിലെ തീപിടിത്തം വിവാദമായ പശ്ചത്തലത്തിലാണ്. ഹൈക്കോടതിയിൽ അപകടവുമായി ബന്ധപ്പെട്ട് ഹാജരായ കളക്ടർ ഇന്ന് വലിയ വിമർശനം നേരിട്ടു.
ദുരന്ത നിരവാരണച്ചട്ടം അനുസരിച്ചുളള നിർദേശങ്ങൾ പൊതു ജനങ്ങളിൽ വേണ്ട വിധം എത്തിയില്ലെന്നും കോടതി വ്യക്തമാക്കി. എന്നാൽ കഴിഞ്ഞ ദിവസം കളക്ടർ രേണു രാജിന്റെ ഫേസ്ബുക്ക് പോസ്റ്റ് ശ്രദ്ധേയമായിരുന്നു. നീ പെണ്ണാണെന്ന് കേൾക്കുന്നത് അഭിമാനമാണെന്നും നീ വെറും പെണ്ണാണെന്ന് പറയുന്നിടത്താണ് പ്രതിഷേധമെന്നുമായിരുന്നു വനിതാ ദിനത്തിൽ കളക്ടർ ഫേസ്ബുക്കിൽ കുറിച്ചത്.