കൊച്ചി: കേരളത്തിന്റെ കായികമേഖലയിൽ മികച്ച സംഭാവനകൾ നൽകിയ കോതമംഗലത്തിന് ആധുനിക സൗകര്യങ്ങളുള്ള സ്‌റ്റേഡിയമെന്ന ആവശ്യം ന്യായമാണെന്നും എംഎൽഎയുടെ നേതൃത്വത്തിൽ ചേലാട് ഇതിനുള്ള പ്രവർത്തനങ്ങൾ ആരംഭിച്ചത് സ്വാഗതാർഹമാണെന്നും സിപിഐ എം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ പറഞ്ഞു. കൂടുതൽ സഹായം നൽകുന്ന കാര്യം സർക്കാരിനെ അറിയിക്കാമെന്നും അക്വാട്ടിക് സ്‌റ്റേഡിയം എന്ന ആവശ്യവും ബന്ധപ്പെട്ട ഏജൻസികളുടെ സഹായത്തോടെ നടപ്പാക്കാനാകണമെന്നും അദ്ദേഹം പറഞ്ഞു.സിപിഐ എം ജനകീയ പ്രതിരോധജാഥയുടെ ഭാഗമായി കോതമംഗലത്ത് പൗരപ്രമുഖരുമായുള്ള കൂടിക്കാഴ്‌ചയിലാണ് വികസനനിർദേശം ഉയർന്നത്.
മാർ ബേസിൽ ഹയർ സെക്കൻഡറി സ്‌കൂൾ കായികാധ്യാപിക ഷിബി മാത്യുവാണ് നിർദേശം ഉന്നയിച്ചത്. കാലാനുസൃതമായ സിലബസ് ഉൾപ്പെടെ, ഉന്നതവിദ്യാഭ്യാസമേഖല കൂടുതൽ നവീകരിക്കുന്നതിന് സംസ്ഥാന സർക്കാർ എല്ലാ ശ്രമവും തുടങ്ങിയതായും മൂന്നു കമീഷനുകൾ രൂപീകരിച്ചത് ഇതിന്റെ ഭാഗമാണെന്നും ജാഥാക്യാപ്റ്റൻ പറഞ്ഞു. എൽദോസ് മാർ ബസേലിയോസ് കോളേജ് പ്രിൻസിപ്പൽ പ്രൊഫ. ബേബി എം വർഗീസ്, എംബിറ്റ്‌സ് കോളേജ് പ്രിൻസിപ്പൽ പി സോജൻലാൽ, ചെയർമാൻ സി എ കുഞ്ഞച്ചൻ ഉൾപ്പെടെ മുതിർന്ന അധ്യാപകർ ഉന്നയിച്ച വിഷയങ്ങൾക്ക് മറുപടിയായാണ് ഇതു പറഞ്ഞത്.