കൊച്ചി: സ്വപ്‌ന സുരേഷിനെ കണ്ടത് സ്വർണക്കടത്ത് കേസുമായി ബന്ധപ്പെട്ട് വെബ് സീരീസ് നിർമിക്കാനെന്ന് വിജേഷ് പിള്ള. 30 കോടി തരാമെന്നല്ല, വെബ് സീരിസിന്റെ 30 ശതമാനം ലാഭവിഹിതം നൽകാമെന്നാണ് പറഞ്ഞത്. ഷൂട്ട് ചെയ്യാൻ സേഫ് ആയ സ്ഥലം വേണമെന്ന് പറഞ്ഞപ്പോൾ ഹരിയാനയിലോ ജയ്‌പൂരിലോ പോയി ഷൂട്ട് ചെയ്യാമെന്ന് പറഞ്ഞതായും വിജേഷ് പറഞ്ഞു.
“കൂടിക്കാഴ്‌ച നടത്തിയെന്നത് സത്യമാണ്. ബംഗളൂരുവിലെ ഒരു ഹോട്ടലിൽ വച്ചാണ് കണ്ടത്. ആ സമയം സരിത്തും കുട്ടികളുമെല്ലാം ഒപ്പമുണ്ടായിരുന്നു. ഏതാണ്ട് ഒന്നര മണിക്കൂർ നേരം മാത്രമായിരുന്നു സ്വപ്‌നയുമായി കൂടിക്കാഴ്‌ച നടത്തിയത്. ആക്ഷൻ എന്ന ഒടിടിയുടെ ഉടമയാണ്. അതിൽ ഒരു വെബ് സീരീസ് നിർമിക്കുന്നുണ്ട്. അതിന് സ്വപ്‌നയുടെ കണ്ടന്റ് ആവശ്യമുണ്ട്. എന്നാൽ കൂടുതൽ കാര്യങ്ങൾ സ്വപ്‌ന തന്നോട് ചോദിച്ച് അറിയുകയായിരുന്നു. ഒരു ഇന്റർവ്യൂപോലെ കുറച്ച് കാര്യങ്ങൾ എടുക്കുക മാത്രമായിരുന്നു ഉദ്ദേശം. സ്വപ്‌നയുടെ ഒരു കണ്ടന്റിനൊക്കെ ഒരു കോടിയോളമാണ് കാഴ്‌ചക്കാർ. അത്രയും ബിസിനസ് നടക്കുകയാണെങ്കിൽ 30 ശതമാനം വരുമാനം പങ്കുവയ്‌ക്കാം എന്ന് പറഞ്ഞു. കണ്ടന്റിന് 100 കോടി വ്യൂസ് കിട്ടിയാൽ അതിന്റെ 30 ശതമാനം നൽകാമെന്ന് പറഞ്ഞിരുന്നതായും” വിജേഷ് വ്യക്തമാക്കി.