തിരുവനന്തപുരം: സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദൻ നയിക്കുന്ന ജനകീയ പ്രതിരോധ ജാഥക്ക് ഇന്ന് തിരുവനന്തപുരത്ത് സമാപനം. കാസർകോട് മഞ്ചേശ്വരത്തു നിന്നും ഫെബ്രുവരി 20 ആരംഭിച്ച പ്രതിരോധ ജാഥ 140 മണ്ഡലങ്ങളിലായി 28 ദിവസം പിന്നിട്ട് ഇന്ന് അവസാനിക്കുകയാണ്.
പുത്തരിക്കണ്ടം മൈതാനത്ത് വൈകിട്ട് 5 മണിക്ക് നടക്കുന്ന സമാപന സമ്മേളനം സി.പി.എം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി ഉദ്ഘാടനം ചെയ്യും. കേന്ദ്ര സർക്കാരിന്‍റെ നയങ്ങൾക്കെതിരെയുള്ള പ്രചരണത്തിനൊപ്പം സംസ്ഥാന സർക്കാരുമായി ബന്ധപ്പെട്ട വിവാദങ്ങൾക്കുള്ള രാഷ്ട്രീയ വിശദീകരണം എന്നതായിരുന്നു ജാഥയുടെ പ്രഖ്യാപിത ലക്ഷ്യം. ദിവസവും 5 വീതം കേന്ദ്രങ്ങളിലാണ് ജാഥയ്ക്ക് സ്വീകരണം നൽകിയത്. 15 ലക്ഷത്തിലധികം പേർ ജാഥയുടെ സ്വീകരണ പരിപാടികളിൽ പങ്കെടുത്തു.