തിരുവനന്തപുരം: കണിയാപുരത്ത് പട്ടാപകൽ വൻ കവർച്ച. ഇന്ത്യൻ ഓയിൽ കമ്പനിയുടെ കണിയാപുരത്തെ നിഫി ഫ്യൂവൽസ് പമ്പ് മാനേജരിൽ നിന്നും രണ്ടര ലക്ഷം രൂപ തട്ടിയെടുത്തു. ഇന്നലെ വൈകിട്ടാണ് സംഭവം നടന്നത്.
ഉച്ചവരെയുള്ള കളക്ഷൻ എസ്ബിഐ ബാങ്കിൽ അടക്കാൻ പോകവെയാണ് മോഷണം നടന്നത്. സ്കൂട്ടറിലെത്തിയ രണ്ട് പേർ പണം തട്ടിയെടുത്ത് കടന്നുകളയുകയായയിരുന്നു. തിരിച്ചറിയാതിരിക്കാൻ സ്കൂട്ടറിന്‍റെ നമ്പർ പ്ലേറ്റ് ഇളക്കി കളയുകയും, ഹെൽമറ്റ് ധരിക്കുകയും ചെയ്തിരുന്നു. ഉടൻ തന്നെ പൊലീസിൽ വിവരമറിയിച്ചു. സിസിടിവി പരിശോധനയിൽ പ്രതികൾ പോത്തൻകോട് ഭാഗത്തേക്ക് രക്ഷപ്പെട്ടതെന്ന് മനസ്സിലാക്കിയ പൊലീസ് രാത്രിയോടെ മോഷ്ടിക്കാൻ ഉപയോഗിച്ച സ്കൂട്ടർ കണ്ടെടുത്തു. സ്ഥിരമായി നീരിക്ഷിച്ച ശേഷമാണ് പ്രതികൾ ഇത്തരത്തിൽ കവർച്ച നടത്തിയതെന്നാണ് പ്രാഥമിക നിഗമനം.