കാസർകോട്: കേന്ദ്രമന്ത്രി വി.മുരളീധരന് നേരെ കൂവിവിളിച്ച് വിദ്യാർഥികൾ. കാസർകോട് കേന്ദ്ര സർവകലാശാലയിലായിരുന്നു സംഭവം. മോദി അനുകൂല പ്രസംഗത്തിനെതിരെയായിരുന്നു വിദ്യാർഥികൾ മന്ത്രിയെ കൂവിയത്. സർവകലാശാലയിലെ ആറാമത് ബിരുദദാന ചടങ്ങിനെത്തിയതായിരുന്നു മുരളീധരൻ. പിഎച്ച്‌ഡി നേടിയ വിദ്യാർഥികൾക്ക് സർട്ടിഫിക്കറ്റുകൾ നൽകിയ ശേഷമായിരുന്നു മന്ത്രിയുടെ പ്രസംഗം. പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് രാജ്യത്തെ വിദ്യാർഥികളുടെയും യുവാക്കളുടെയും കാര്യത്തിൽ പ്രത്യേക താൽപര്യം ഉണ്ടെന്നായിരുന്നു മുരളീധരന്റെ പ്രസംഗത്തിലെ വാചകം.
ഇതിന്റെ ഭാഗമായി പരീക്ഷാ പേ ചർച്ച, മൻ കി ബാത്ത് എന്നിവയിലൂടെ നിരന്തരമായി വിദ്യാർഥികളുമായി അദ്ദേഹം സംവദിക്കുന്നുണ്ട്. യുവാക്കൾക്ക് വെല്ലുവിളികൾ നേരിടാൻ പ്രധാനമന്ത്രി ധൈര്യം പകരുന്നുവെന്നും മുരളീധരൻ പറഞ്ഞു. ഇതിന് പിന്നാലെയാണ് വിദ്യാർഥികൾ കൂവിയത്. ബിരുദദാന ചടങ്ങിൽ ബിജെപി സർക്കാരിനെയും മോദിയേയും പുകഴ്‌ത്താനാണ് കേന്ദ്രമന്ത്രി കൂടുതൽ സമയം ചെലവഴിച്ചത്. ചടങ്ങിൽ ബിജെപി രാഷ്‌ട്രീയം ചർച്ചയാക്കാനായിരുന്നു ശ്രമം.