Timely news thodupuzha

logo

ഡിജിറ്റൽ പണമിടപാടിൽ ഏറ്റവും മുന്നിൽ കേരളം

മുംബൈ: രാജ്യത്ത്‌ ഡിജിറ്റൽ പണമിടപാടിൽ ഏറ്റവും മുന്നിൽ കേരളം. പേയ്‌മെന്റ് സേവനസ്ഥാപനമായ ‘വേൾഡ്‌ ലൈൻ ഇന്ത്യ’ പുറത്തുവിട്ട റിപ്പോർട്ടിലാണ് കേരളത്തിന് ഒന്നാംസ്ഥാനമുള്ളത്. മഹാരാഷ്ട്രയാണ് രണ്ടാംസ്ഥാനത്ത്. തമിഴ്‌നാട്, കർണാടക, ഉത്തർപ്രദേശ് എന്നിവയാണ് യഥാക്രമം മൂന്നുമുതൽ അഞ്ചുവരെ സ്ഥാനത്ത്‌. ഏറ്റവുമധികം ഡിജിറ്റൽ ഇടപാടുകൾ നടക്കുന്ന 10 നഗരത്തിന്റെ പട്ടികയിൽ കേരളത്തിൽനിന്ന്‌ മൂന്നു നഗരം ഇടംപിടിച്ചു. എറണാകുളം, തിരുവനന്തപുരം, തൃശൂർ എന്നിവയാണ് യഥാക്രമം ഏഴ്‌, എട്ട്‌, ഒമ്പത്‌ സ്ഥാനത്ത്‌ എത്തിയത്‌. ബംഗളൂരുവാണ്‌ ഒന്നാമത്‌.

ഡൽഹി, മുംബൈ, പുണെ, ചെന്നൈ, ഹൈദരാബാദ്‌ എന്നിവ യഥാക്രമം രണ്ടുമുതൽ ആറുവരെ സ്ഥാനത്തെത്തി. ഈ പട്ടികയിൽ ഏറ്റവും കൂടുതൽ നഗരങ്ങളുള്ള സംസ്ഥാനം കേരളമാണ്‌. 2022ൽ കടകളിലും മറ്റും നടന്ന ഇടപാടുകൾ വിലയിരുത്തിയാണ് റിപ്പോർട്ട്‌ തയ്യാറാക്കിയത്‌. കഴിഞ്ഞവർഷം ആകെ 8792 കോടി ഡിജിറ്റൽ ഇടപാടുകളാണ്‌ നടന്നത്‌.

149.5 ലക്ഷം കോടി രൂപയാണ്‌ ഇതിന്റെ മൂല്യം. രണ്ടും റെക്കോഡാണ്. യുപിഐ വഴിയാണ്‌ ഏറ്റവും കൂടുതൽ ഇടപാട്‌ നടന്നത്‌. ഏറ്റവുമധികം യുപിഐ ഇടപാടിന്‌ ഉപയോഗിച്ച മൊബൈൽ ആപ് ഫോൺ പേയാണ്. ഗൂഗിൾ പേ, പേടിഎം, ആമസോൺ പേ എന്നിവയാണ് തൊട്ടുപിന്നിൽ.

Leave a Comment

Your email address will not be published. Required fields are marked *