തൊടുപുഴ: ഇടുക്കി ജില്ലാ കോഴി വളർത്തൽ കേന്ദ്രത്തിൽ നിന്നും 2011 ൽ വിരമിച്ച ജീവനക്കാരിക്ക് രണ്ടു മാസത്തിനകം പെൻഷൻ ആനുകൂല്യങ്ങൾ അനുവദിക്കണമെന്ന് മനുഷ്യാവകാശ കമ്മീഷൻ അധ്യക്ഷൻ ജസ്റ്റിസ് ആന്റണി ഡൊമിനിക്.
പരാതിക്കാരിയായ കരിങ്കുന്നം വടക്കുമുറി ചേരിക്കൽ വീട്ടിൽ എ. കെ. വത്സമ്മക്ക് 2009 ന് മുമ്പ്അനുവദിച്ച ഹയർ ഗ്രേഡ് സംബന്ധിച്ച അപാകതകൾ കാരണമാണ് ആനുകൂല്യം നൽകാൻ തടസ്സമെന്ന മൃഗസംരക്ഷണ വകുപ്പ് ഉദ്യോഗസ്ഥരുടെ വാദം കോടതി പോലും അംഗീകരിക്കില്ലെന്ന് കമ്മീഷൻ ഉത്തരവിൽ പറഞ്ഞു. പരാതിക്കാരിയുടെ കുറ്റം കൊണ്ടല്ലാതെ സംഭവിച്ച അപാകതയാണ് ഇത്. പ്രസ്തുത തുക തിരിച്ചുപിടിക്കാനും സാധിക്കില്ല. ആനുകൂല്യങ്ങൾ നൽകാതിരിക്കുന്നതിന് ഒരു ന്യായീകരണവുമില്ലെന്നും കമ്മീഷൻ ഉത്തരവിൽ പറഞ്ഞു.
തുക ഇനിയും നൽകാതിരിക്കുന്നത് പരാതിക്കാരിക്ക് നേരെയുള്ള മനുഷ്യാവകാശ ലംഘനമാണെന്നും ഉത്തരവിൽ പറഞ്ഞു. മൃഗസംരക്ഷണ വകുപ്പ് ഡയറക്ടർക്കാണ് കമ്മീഷൻ ഉത്തരവ് നൽകിയത്. മൃഗസംരക്ഷണ വകുപ്പ് സെക്രട്ടറി ഇതിനാവശ്യമായ നിർദ്ദേശങ്ങൾ ഡയറക്ടർക്ക് നൽകണമെന്നും ഉത്തരവിൽ പറയുന്നു.
പരാതിക്കാരിയുടെ ബിൽ മാറണമെങ്കിൽ ധനകാര്യ സെക്രട്ടറിയുടെ അംഗീകാരം വേണമെന്ന് മൃഗസംരക്ഷണവകുപ്പ് ഡയറക്ടർ കമ്മീഷനെ അറിയിച്ചു. ധനവകുപ്പിൽ നിന്നും അംഗീകാരം കിട്ടിയാൽ മാത്രമേ ബിൽ പാസാക്കാൻ കഴിയുകയുള്ളുവെന്നും റിപ്പോർട്ടിൽ പറയുന്നു.
തുടർന്ന് മൃഗസംരക്ഷണ വകുപ്പ് സെക്രട്ടറിയിൽ നിന്നും റിപ്പോർട്ട് ആവശ്യപ്പെട്ടു. തങ്ങൾ നടത്തിയ കത്ത് ഇടപാടുകളെകുറിച്ചും ധനവകുപ്പ് അനുമതിയെക്കുറിച്ചും ആവർത്തിക്കുക മാത്രമാണ് മൃഗസംരക്ഷണ വകുപ്പ് സെക്രട്ടറി ചെയ്തത്. ഇതല്ലാതെ കുടിശ്ശിക എന്ന് നൽകാനാവുമെന്ന് ഗവൺമെന്റ് സെക്രട്ടറി വിശദികരണത്തിൽ പറഞ്ഞിട്ടില്ല. 27 വർഷത്തെ സർവ്വീസുള്ള ഒരാളുടെ അവകാശങ്ങൾ മാനിക്കണമെന്നും കമ്മീഷൻ ഉത്തരവിൽ പറഞ്ഞു.