തിരുവനന്തപുരം: ഹണിട്രാപ്പ് തട്ടിപ്പു കേസുകളിലെ പ്രതി കൊല്ലം അഞ്ചൽ സ്വദേശി അശ്വതി അച്ചു അറസ്റ്റിൽ. പൊലീസുദ്യോഗസ്ഥരും രാഷ്ട്രീയപ്രവർത്തകരും ഉൾപ്പെടെ നിരവധി പേരെ കബളിപ്പിച്ച കേസിലെ പ്രതിയാണ് ഇവർ.
വിവാഹ വാഗ്ദാനം നൽകി തിരുവനന്തപുരം പൂവാർ സ്വദേശിയായ 68 കാരനിൽ നിന്ന് 40,000 രൂപ തട്ടിയെടുത്ത കേസിലാണ് അറസ്റ്റ്. വിവാഹവാഗ്ദാനം നൽകി പലസമയങ്ങളിലായി പണം തട്ടിയെന്നാണു പരാതി. നേരത്തെ സമാന പരാതിയിൽ അശ്വതി അച്ചുവിനെ പൊലീസ് വിളിച്ചുവരുത്തി കാര്യം തിരക്കിയിരുന്നു.
എന്നാൽ പണം കടമായി വാങ്ങിയതാണെന്നാണ് യുവതി പൊലീസിനോട് പറഞ്ഞത്. തിരികെ നൽകാമെന്നും പറഞ്ഞു. പറഞ്ഞ സമയം അവസാനിച്ചതോടെയാണ് അറസ്റ്റ്. കൊല്ലം അഞ്ചല്‍ സ്വദേശിയായ യുവതി ഏതാനും വര്‍ഷങ്ങളായി തിരുവനന്തപുരത്താണു താമസം.
പൊലീസുകാരെ തെരഞ്ഞു പിടിച്ച് സൗഹൃത്തിലാക്കി അശ്ലീല ചാറ്റിങ്ങിലടക്കം ഏര്‍പ്പെടുകയും അതിന്റെ പേരില്‍ ഭീഷണിപ്പെടുത്തുകയുമാണു രീതി. ചില പൊലീസ് ഓഫിസർമാർ പരാതിയുമായി മുന്നോട്ടു വന്നിരുന്നുവെങ്കിലും അന്വേഷണത്തോടു നിസഹകരിച്ചതോടെ തുടർ നടപടികൾ ഉണ്ടായിരുന്നില്ല.