Timely news thodupuzha

logo

നന്ദന്‍കോട് കൂട്ടക്കൊല കേസിൽ വിധി ഇന്ന്

തിരുവനന്തപുരം: കേരളക്കരയെ ഒന്നടങ്കം ഞെട്ടിച്ച നന്ദന്‍കോട് കൂട്ടക്കൊല കേസിന്‍റെ വിധി ഇന്ന്. കേദല്‍ ജിന്‍സണ്‍ രാജയാണ് കേസിലെ ഏക പ്രതി.

ജിൻസൺ മാതാപിതാക്കളെയും സഹോദരിയെയും ബന്ധുവിനെയും വീട്ടില്‍ വച്ച് കൊലപ്പെടുത്തിയെന്നതാണ് കേസ്. ആറാം അഡീഷണല്‍ സെഷന്‍സ് കോടതിയാണ് വിധി പറയുക. 2017 ഏപ്രിൽ 5നാണ് നാടിനെ നടുക്കിയ കൊല നടക്കുന്നത്. കുടുംബാംഗങ്ങളുമായുള്ള വ്യക്തിവിരോധം കാരണം അച്ഛനെയും അമ്മയും സഹോദരിയെയും ബന്ധുവായ സ്ത്രീയെയും കൊല്ലപെടുത്തി മൃതദേഹങ്ങള്‍ കത്തിക്കുകയായിരുന്നു.

നന്ദൻകോട് ക്ലിഫ് ഹൗസിന് സമീപം ബെയിൽസ് കോമ്പൗണ്ടില്‍ താമസിച്ചിരുന്ന റിട്ട. പ്രഫ. രാജ തങ്കം(60), ഡോ. ജീൻ പദ്മ(58), ഇവരുടെ മകൾ കരോലിൻ(26), ബന്ധുവായ ലളിത(70) എന്നിവരാണ് കൊല്ലപ്പെട്ടത്. 3 മൃതദേഹങ്ങള്‍ കത്തിച്ച നിലയിലും ഒരെണ്ണം ബെഡ് ഷീറ്റിൽ പൊതിഞ്ഞ നിലയിലുമായിരുന്നു കണ്ടെത്തിയത്. താന്‍ സാത്താന്‍ ആരാധന നടത്തിയിരുന്നു എന്നും ആത്മാവിനെ സ്വതന്ത്രമാക്കാനുള്ള ‘ആസ്ട്രൽ പ്രൊജക്ഷന്’ അടിമയാണ് താനെന്നും ഇതാണ് തന്നെ കൂട്ടക്കൊലയിലേക്ക് നയിച്ചതെന്നുമായിരുന്നു ജിന്‍സണ്‍ അന്ന് പൊലീസിനു നൽകിയ മൊഴി.

കൊലപാതകത്തിന് ഏതാനും ദിവസങ്ങൾക്ക് മുമ്പ് ഇയാൾ തന്‍റെ മാതാപിതാക്കളുടെ ഡമ്മികളെ സൃഷ്ടിക്കുകയും അവയിൽ പരീക്ഷണം നടത്തുകയും കോടാലി ഉപയോഗിച്ച് കഴുത്ത് അറുക്കുന്നതെങ്ങനെയെന്ന് ഇന്‍റർനെറ്റിൽ നോക്കി പഠിച്ചിരുന്നതായും പൊലീസ് തെളിവുകളായി കണ്ടെത്തിയിരുന്നു. ചെന്നൈയിലേക്ക് രക്ഷപ്പെട്ട പ്രതി തിരിച്ചെത്തിയപ്പോഴാണ് തമ്പാനൂരിൽ വച്ച് അറസ്റ്റ് ചെയ്യുന്നത്. കേദലിന് മാനസിക പ്രശ്നങ്ങളുണ്ടെന്നായിരുന്നു വാദം. എന്നാൽ മാനസിക പ്രശ്നങ്ങളില്ലെന്ന് ഡോക്ടർമാർ റിപ്പോർട്ട് നൽകിയതിനു പിന്നാലെയാണ് വിചാരണ തുടങ്ങിയത്.

കൊലപാതകം, തെളിവ് നശിപ്പിക്കല്‍, മാരകായുധങ്ങള്‍ ഉപയോഗിച്ച് പരിക്കേല്‍പ്പിക്കുക, വീട് നശിപ്പിക്കല്‍ എന്നീ കുറ്റങ്ങളാണ് പ്രതിക്കെതിരെ ചുമത്തിയത്.

Leave a Comment

Your email address will not be published. Required fields are marked *