ഓൾ ഇന്ത്യ റേഡിയോ ഇനിയില്ല. ആകാശവാണിയെന്ന പേരു മാത്രമായിരിക്കും മേലിൽ ഔദ്യോഗികമായി ഉപയോഗിക്കുക. ലോകത്തെ തന്നെ ഏറ്റവും വലിയ റേഡിയോ ശൃംഖലകളിലൊന്നാണ് പ്രസാർഭാരതിയുടെ കീഴിലുള്ള ആകാശവാണി. നൊബേൽ സമ്മാന ജേതാവായ മഹാകവി രബീന്ദ്രനാഥ് ടാഗോർ കനിഞ്ഞു നൽകിയ പേരാണ് ആകാശവാണി എന്നത്.
എങ്കിലും കൊളോണിയൽ കാലത്തിന്‍റെ ഹാങ്ങോവറെന്നോണം ഓൾ ഇന്ത്യ റേഡിയോയെന്ന വിശേഷണവും ഒപ്പം തന്നെ ഉപയോഗിച്ചു പോരുകയായിരുന്നു ഇതുവരെ. ഇപ്പോൾ കേന്ദ്ര വാർത്താവിതരണ പ്രക്ഷേപണ മന്ത്രാലയമാണ് ഇനിയിതു വേണ്ടെന്ന നിർദേശം നൽകിയിരിക്കുന്നത്. പതിറ്റാണ്ടുകളായി പല കോണുകളിൽ നിന്നുയരുന്ന ആവശ്യമാണ് ഇതോടെ സാക്ഷാത്കരിക്കപ്പെടുന്നത്.
ഇംഗ്ലീഷ് പേര് ഒഴിവാക്കാനുള്ള നിർദേശം യഥാർഥത്തിൽ 1997 മുതൽ പരിഗണനയിലുള്ളതാണ്. ആകാശമാർഗത്തിൽ സഞ്ചരിക്കുന്ന ശബ്ദമെന്ന അർഥത്തിലാണ് 1956ൽ ടാഗോർ ഓൾ ഇന്ത്യ റേഡിയോയ്ക്ക് ആകാശവാണിയെന്ന പേര് നിർദേശിക്കുന്നത്. ബ്രിട്ടീഷ് ഭരണകാലം മുതലുള്ള പേരാണ് ഓൾ ഇന്ത്യ റേഡിയൊ എന്നത്.