ലണ്ടൻ: ചാൾസ് മൂന്നാമന്റെ കിരീടധാരണവേളയിൽ പ്രതിഷേധിച്ചതിന് ലണ്ടനിൽ അറസ്റ്റിലായത് 52 പേർ. രാജഭരണവിരുദ്ധരുടെ കൂട്ടായ്മയായ റിപ്പബ്ലിക്കിന്റെ നേതാവ് ഗ്രഹാം സ്മിത്ത് ഉൾപ്പെടെയുള്ളവരാണ് രാജാവിന്റെ ഘോഷയാത്ര തുടങ്ങുന്നതിന് മുമ്പേ അറസ്റ്റിലായത്. ‘എന്റെ രാജാവല്ലെന്ന’ പ്ലക്കാർഡുകളുമായി പ്രതിഷേധിക്കാൻ നൂറുകണക്കിനാളുകളാണ് മഞ്ഞവസ്ത്രമണിഞ്ഞ് ജനക്കൂട്ടത്തിനൊപ്പം കാത്തുനിന്നത്. ഗ്ലാസ്‌ഗോ, സ്കോട്ട്‌ലൻഡ്, വെയ്‌ൽസ് എന്നിവിടങ്ങളിലും പ്രതിഷേധമുണ്ടായി.
ബ്രിട്ടീഷ് രാജാവാകുന്നതോടെ ചാൾസ് രാഷ്ട്രത്തലവനാകുന്ന മറ്റ് രാജ്യങ്ങളിലും ചെറിയ ആഘോഷങ്ങൾ മാത്രമാണ് ഉണ്ടായിരുന്നത്. ബ്രിട്ടനിൽ ആഘോഷങ്ങൾ തുടരുകയാണ്. ഞായറാഴ്ച പ്രധാനമന്ത്രി ഋഷി സുനകും ഭാര്യ അക്ഷത മൂർത്തിയും ഔദ്യോഗിക വസതിയിൽ വിരുന്നു സൽക്കാരം നടത്തി. വിൻഡ്‌സർ കാസിലിൽ സംഗീതനിശയും സംഘടിപ്പിച്ചു.